
വിതുര: പതിവില്‍നിന്ന് വ്യത്യസ്തമായി രാവിലെ മുതല്‍ കോടമഞ്ഞിറങ്ങുന്ന പൊന്മുടി മലനിരകള്‍ സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാകുന്നു. കോടമഞ്ഞും മഞ്ഞുമഴയും തേടിയെത്തുന്നവര്‍ക്ക് ഇനി വേണ്ടത് അത്യാവശ്യ സൗകര്യങ്ങളാണ്. ഇവ ഒരുക്കുമെന്ന് പ്രഖ്യാപിച്ച ടൂറിസം, വനം മന്ത്രിമാരുടെ തുടര്‍സന്ദര്‍ശനം നീളുകയാണ്.
ഉച്ചതിരിഞ്ഞെത്തുന്ന കോടമഞ്ഞായിരുന്നു മുമ്പൊക്കെ പൊന്മുടിയുടെ ആകര്‍ഷണം. എന്നാല്‍ ഈ വര്‍ഷം ജൂലായ് അവസാനം മുതല്‍ രാവിലെ 11 മണിയോടെതന്നെ മഞ്ഞിറങ്ങുകയാണ്. മഞ്ഞ് കനത്താല്‍ തൊട്ടടുത്ത് നില്‍ക്കുന്നവരെപ്പോലും കാണാന്‍ ബുദ്ധിമുട്ടാണ്. ഗുഹയ്ക്കുള്ളില്‍ ഇരിക്കുന്ന പ്രതീതിയാണിപ്പോഴെന്ന് പൊന്മുടി വനസംരക്ഷണസമിതി ജീവനക്കാരന്‍ രഞ്ജിത്ത് മൊട്ടമൂട് പറയുന്നു.
കടല്‍തീരത്തുനിന്ന് ഏറ്റവും കുറഞ്ഞസമയംകൊണ്ട് എത്തിച്ചേരാവുന്ന ഹില്‍സ്റ്റേഷന്‍ എന്ന പ്രത്യേകതയുള്ള പൊന്മുടിയില്‍ ഇപ്പോഴെത്തുന്ന സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കുകയാണ് കോടമഞ്ഞ്.

മഞ്ഞില്‍ കുതിര്‍ന്നവര്‍ക്ക് നേരെചൊവ്വേ മൂത്രമൊഴിക്കാന്‍പോലുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയില്ല. സഞ്ചാരികള്‍ ഏറെ തമ്പടിക്കുന്ന അപ്പര്‍ സാനിട്ടോറിയമാണ് ഇക്കാര്യത്തില്‍ ഏറെ പരിതാപകരം. ചായ കുടിക്കാന്‍പോലും ഇവിടെ സൗകര്യമില്ല.
പൊന്മുടിയുടെ ദുരവസ്ഥ വെളിവാക്കുന്ന 'മാതൃഭൂമി' വാര്‍ത്തയെത്തുടര്‍ന്ന് ജൂലായ് 15നാണ് ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍, വനംമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ ഇവിടെ എത്തിയത്. വിശദമായ സന്ദര്‍ശനം ഉടനുണ്ടാകുമെന്ന് അറിയിച്ചെങ്കിലും അത് നീളുകയാണ്. സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുകയായിരുന്ന പൊന്മുടി പോലീസ് സ്റ്റേഷന് മന്ത്രിമാരുടെ സന്ദര്‍ശനത്തോടെ ഒരു മുറികൂടി തുറന്നുകിട്ടിയിട്ടുണ്ട്.

