WELCOME
Friday, July 29, 2011
നന്ദിയോട് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം കാടുകയറി നശിക്കുന്നു
പാലോട്: പതിനൊന്നിന പദ്ധതി പ്രകാരം നന്ദിയോട് ഗ്രാമപ്പഞ്ചായത്തില്‍ പണിതീര്‍ത്ത ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നാശത്തിലേക്ക്. കേരളത്തിലെ അറിയപ്പെടുന്ന പത്തിലധികം നാടക സമിതികള്‍ ഉപയോഗിക്കുന്ന ഓഡിറ്റോറിയത്തിനാണ് ഈ ഗതികേട്. 1988-ല്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ആണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം ഒരു തവണ മാത്രമാണ് ഓഡിറ്റോറിയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത്. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തോടൊപ്പം മിനി സ്റ്റേഡിയവും അന്ന് സജ്ജമാക്കിയിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി ഓഡിറ്റോറിയത്തെ അധികൃതര്‍ അവഗണിച്ച മട്ടാണ്. നാടക പരിശീലനത്തിന് നിരവധി നാടക സമിതികള്‍ ഓഡിറ്റോറിയം ഇന്നും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഓഡിറ്റോറിയത്തിന്റെ സ്ഥിതി തീരെ ദയനീയമാണ്. ചുവരുകള്‍ പൊട്ടിപ്പൊളിഞ്ഞു. അവശേഷിക്കുന്ന ചുവരുകളില്‍ അശ്ലീല പാട്ടുകളും ചിത്രങ്ങളും നിറഞ്ഞുകഴിഞ്ഞു. ഒഴിഞ്ഞ മദ്യക്കുപ്പികളുടെ കേന്ദ്രമാണിവിടം.
ഇപ്പോള്‍ ഗ്രാമപ്പഞ്ചായത്തിന്റെ പരിപാടികള്‍ക്ക് പോലും ഓഡിറ്റോറിയം ഉപയോഗിക്കുന്നില്ല. സമീപത്തെ പള്ളിക്കൂടങ്ങളാണ് ഇവരുടെ ആശ്രയം. ഓഡിറ്റോറിയത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നാടിന് പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

