WELCOME
Tuesday, July 26, 2011
പാലോട് ഗവ. ആസ്‌പത്രിയില്‍ ഉച്ചയ്ക്കുശേഷം ഡോക്ടര്‍മാരില്ല
പാലോട്: ഗ്രാമങ്ങളില്‍ പനി ദുരിതംവിതയ്ക്കുമ്പോള്‍ പാലോട് ഗവണ്മെന്റ് ആസ്‌പത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. പ്രതിദിനം 650നും 700 ഇടയില്‍ രോഗികള്‍ ചികിത്സതേടിയെത്തുന്ന ഇവിടെ രണ്ട് മണിക്കുശേഷം രോഗികള്‍ അനാഥാവസ്ഥയില്‍. 80-നും നൂറിനും ഇടയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്ന ആസ്പത്രിയ്ക്കാണ് ഈ ഗതികേട്. രാത്രിയില്‍ എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ നെടുമങ്ങാട് താലൂക്ക് ആസ്പത്രിയെയോ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലോ കൊണ്ടുപോകേണ്ട ഗതികേടാണ് രോഗികള്‍ക്ക്.
25 ലക്ഷം ചെലവിട്ട് നിര്‍മിക്കുമെന്നു പറഞ്ഞിരുന്ന മിനി ഓപ്പറേഷന്‍ തിയേറ്റര്‍ ഇപ്പോഴും കടലാസില്‍ത്തന്നെ. ഓപ്പറേഷന്‍ തിയേറ്റര്‍ ഇല്ലാത്തതിനാല്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഗൈനക്കോളജി വിഭാഗം ഇപ്പോള്‍ അടച്ചുപൂട്ടി. ഇതോടെ ഇവിടെ ചികിത്സതേടിയിരുന്ന ഗര്‍ഭിണികള്‍ പെരുവഴിയിലായി. ആസ്പത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി രൂപവത്കരിച്ചആസ്പത്രിയുടെ വികസനസമിതിയും ചേരാറില്ല.
ആസ്പത്രിയിലെ ചിലരും ലാബുകാരും തമ്മില്‍ വഴിവിട്ട ബന്ധമാണെന്ന് നേരത്തെതന്നെ പരാതി ഉയര്‍ന്നിരുന്നു. ലാബില്‍നിന്നും ആസ്പത്രിക്ക് അകത്തെത്തി വിവിധ പരിശോധനകള്‍ക്കായി രക്തവും മലവും മൂത്രവുമൊക്കെ എടുക്കുന്ന സമ്പ്രദായം പാലോട് ആസ്പത്രിയിലെ മാത്രം പ്രത്യേകതയാണ്.
നിലവില്‍ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. എന്നാല്‍, ഇവരെല്ലാം എട്ടുമണിക്ക് വന്ന് ഒരുമണിയോടെ മടങ്ങുന്നവരാണ്. രാത്രിയില്‍ ഇവിടെ ഡോക്ടര്‍മാര്‍ വേണം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാര്യത്തില്‍ വര്‍ഷങ്ങളായി വാഗ്ദാനങ്ങള്‍ മാത്രമാണ് രോഗികള്‍ക്ക് ലഭിക്കുന്നത്.

