പാലോട്: പെരിയക്കാട്ടെ ഭജനമഠം വനപാലകര്‍ തീയിട്ടുനശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പാലോട് റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. റേഞ്ച് ഓഫീസര്‍ അനില്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ താലൂക്കിന്റെ വിവിധ മേഖലകളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ 11ന് നന്ദിയോട് കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കുശവൂര്‍ ജങ്ഷനിലെത്തി റേഞ്ച് ഓഫീസിന് മുന്നില്‍ സമാപിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. പ്രഭാകരന്‍, ജില്ലാ ജനറല്‍സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹ് ആര്‍. സന്തോഷ്, ആര്‍. സുരേഷ്, എം.ആര്‍. ചന്ദ്രന്‍, ക്ഷേത്ര സംരക്ഷണസമിതി ജില്ലാ നേതാവ് സുരേന്ദ്രക്കുറുപ്പ്, ശ്രീകുമാര്‍, ആനാട് രഘു, മഹേശ്വരന്‍, കെ. ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വനവാസികളും ഹിന്ദുസമുദായാംഗങ്ങളും വര്‍ഷങ്ങളായി പ്രാര്‍ഥിച്ചുപോന്ന ഭജനമഠവും അവിടെയുണ്ടായിരുന്ന രാമായണം ഉള്‍പ്പടെയുള്ള പുണ്യഗ്രന്ഥങ്ങളും അഗ്‌നിക്കിരയാക്കിയതിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയായിരുന്നുവെന്നും ഈ ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു.

