പാലോട്: സര്‍ക്കാരുകള്‍ മാറി വന്നിട്ടും മീന്‍മുട്ടി കടുവാപ്പാറ കോളനിക്കാര്‍ക്ക് മഴവെള്ളത്തില്‍ തന്നെ കഴിയാനാണ് വിധി. റോഡിലെ മഴവെള്ളം വീടിനുമുകളിലും താഴെ വാമനപുരം നദിയിലെ വെള്ളവും ചേര്‍ന്ന് ഇവരുടെ ജീവിതം ദുരിതപൂര്‍ണമാകുന്നു. കണ്ണൊന്ന് വഴുതി വീണാല്‍ ചെന്നു പതിക്കുന്നത് നദിയുടെ ആഴങ്ങളില്‍. ശവമടക്കാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതി.
വാമനപുരം നദിയില്‍ മീന്‍മുട്ടിയില്‍ മീന്‍മുട്ടി ചെറുകിട ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് കടുവാപ്പാറ കോളനിക്കാരുടെ ദുരിതകാലം തുടങ്ങുന്നത്. ഡാം പ്രവര്‍ത്തനം തുടങ്ങുന്നതിനുമുമ്പ് ഇവിടെയുണ്ടായിരുന്ന പതിനഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പുനരധിവസിപ്പിച്ചതാകട്ടെ രണ്ട് കുടുംബങ്ങളെ മാത്രം. ബാക്കിയുള്ളവര്‍ ഡാം റിസര്‍വോയര്‍ പ്രദേശത്തെ തുരുത്തുകളിലായി. പുനരധിവാസ പാക്കേജിനെ ചൊല്ലി വൈദ്യുതിബോര്‍ഡും തദ്ദേശസ്വയംഭരണ വകുപ്പും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസമാണ് പ്രശ്‌നം നീണ്ടുപോകാന്‍ കാരണമെന്ന് പറയുന്നു. പതിമൂന്ന് കുടുംബങ്ങളാണ് ഇവിടെ ശേഷിക്കുന്നത്. വീടുകളില്‍ പാതിയും ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണ്. പലതും ഏതുനിമിഷവും നിലം പൊത്താവുന്നവ.
മഴ കനത്തതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി വരികയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. നദിയുടെ പാര്‍ശ്വങ്ങളില്‍ പത്തടി പൊക്ക വ്യത്യാസത്തിലാണ് വീടുകള്‍. അതുകൊണ്ടുതന്നെ മഴ കനക്കുന്നതോടെ താമസക്കാരുടെ നെഞ്ചില്‍ നെരിപ്പോടെരിയും. മണ്ണിടിഞ്ഞ് പല മരങ്ങളും കടപുഴകിവീണുകഴിഞ്ഞു. മരങ്ങള്‍ തീര്‍ന്നതോടെ അടുത്ത് ഇടിയേണ്ടത് വീടുകളാണ്. ജീവ ഭയം കാരണം പലരും താമസം മാറിപ്പോയിക്കഴിഞ്ഞു.
മരിച്ചവരെ കുഴിച്ചിടാന്‍ പോലും സ്ഥലമില്ല. കുഴിച്ചിട്ട മൃതശരീരങ്ങള്‍ വെള്ളം കയറി ഒലിച്ചുപോയ സംഭവവും ഇവിടെയുണ്ടായി. പ്രശ്‌നപരിഹാരത്തിന് ഓരോ തിരഞ്ഞെടുപ്പുകാലത്തും ഓരോ ഉപാധികള്‍ പറഞ്ഞുകേള്‍ക്കാറുണ്ടെങ്കിലും തങ്ങളുടെ ജീവന് മാത്രം സുരക്ഷയില്ലെന്ന് താമസക്കാര്‍ പറയുന്നു.
പ്രശ്‌നപരിഹാരത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പക്ഷേ നദിക്കരയിലെ വെള്ളക്കെട്ടില്‍ നിന്നും കരകയറാന്‍ ഇവര്‍ക്കാകുന്നില്ല. ദിവസവും നഷ്ടപ്പെടുന്ന കരയെ ഓര്‍ത്ത് കരഞ്ഞുതീര്‍ക്കാനല്ലാതെ ഈ പാവങ്ങള്‍ക്ക് ഒന്നിനുമാകുന്നില്ല.

