സമകാലിക വിഷയങ്ങള്‍ മുതല്‍ ചരിത്രംവരെയുള്ള ആശയങ്ങളാണ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളും സംഘടനകളും ദൃശ്യവത്കരിക്കുന്നത്. മുന്‍വര്‍ഷത്തെ ഒന്നാം സമ്മാന ജേതാവായ ആര്‍ട്ടിസ്റ്റ് ജോയിസ് ഇത്തവണ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കുവേണ്ടിയാണ് നിശ്ചലദൃശ്യം ഒരുക്കുന്നത്. ഭക്ഷ്യസുരക്ഷയാണ് വിഷയം. വിടര്‍ന്നിരിക്കുന്ന ചിപ്പിക്കുള്ളില്‍ മുത്തുപോലെ കാത്തുവെച്ച നെല്ലാണ് ദൃശ്യം. നെല്‍വയല്‍ സംരക്ഷണത്തിന്റെ സന്ദേശം സൗന്ദര്യത്തോടെ ജനത്തിലേക്കെത്തും. വനം വകുപ്പിന് വേണ്ടിയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ദൃശ്യമൊരുങ്ങുന്നത്. യഥാര്‍ഥത്തിലുള്ളതാണോ എന്ന് സംശയിച്ചുപോകുന്ന കാവാണ് വനംവകുപ്പ് മുന്നിലെത്തിക്കുന്നത്. സെയില്‍ ടാക്‌സ് വകുപ്പിനുവേണ്ടി ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹ രംഗം പുനഃസൃഷ്ടിക്കുന്നത് കലാകാരന്‍മാരായ ശശികുമാറും മാഹീനും ചേര്‍ന്നാണ്. 'ശുചിത്വനഗരം സുന്ദരനഗരം' എന്ന സന്ദേശവുമായി തിരുവനന്തപുരം നഗരസഭ നാളെ മുന്നിലെത്തും. മുന്‍വര്‍ഷം രണ്ടാം സമ്മാനം നേടിയ പ്രശസ്ത ശില്‍പ്പി ശൈലി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഫ്‌ളോട്ടാണ് ഒരുങ്ങുന്നത്.
സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയ്‌ക്കൊപ്പം തനിമയുടെ തെയ്യവും പടയണിയുമൊക്കെ ഒരുമിക്കുന്ന നിശ്ചലദൃശ്യമാണ് എസ്.ബി.ടി. തയാറാക്കുന്നത്. മുന്‍വര്‍ഷം കേന്ദ്ര ഡിപ്പാര്‍ട്ട്‌മെന്റ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ ഹൈലകുമാറിന്റെ കരവിരുതാണ് ഇത്തവണ എസ്.ബി.ടിക്ക് കൂട്ട്. പ്രശസ്തശില്‍പ്പിയും പലതവണ ഒന്നാംസ്ഥാനക്കാരനുമായിട്ടുള്ള ജിനന്‍ ഇത്തവണ കെ.ടി.ഡി.സിക്കു വേണ്ടിയാണ് ദൃശ്യമൊരുക്കുന്നത്. കുമരകത്തിന്റെ സൗന്ദര്യമാണ് ഇദ്ദേഹം ഇന്ന് നഗര വീഥിയിലെത്തിക്കുക. കെല്‍ട്രോണ്‍, മില്‍മ തുടങ്ങി വിവിധ സ്ഥാപനങ്ങളും പഞ്ചായത്തുകളുമൊക്കെ ദൃശ്യങ്ങള്‍ നിരത്തിലിറക്കി മല്‍സരിക്കും.


