പാലോട്: പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂര്‍ നെല്ലിയോട്ടുകോണം തിരുവോണത്തില്‍ സജിത(28) ഭര്‍തൃവീടായ എറണാകുളം തൃക്കാക്കര മിത്രാനഗര്‍ ദീപ്തി നിവാസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് ആരോപിച്ചു സജിതയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്കും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. ഇക്കഴിഞ്ഞ ആറിനായിരുന്നു സംഭവം.
മരണ വാര്‍ത്ത യഥാസമയം ഭര്‍ത്താവ് പ്രതീഷോ മറ്റു ബന്ധുക്കളോ സജിതയുടെ വീട്ടുകാരെ അറിയിച്ചില്ലെന്നും മരണവാര്‍ത്ത മറ്റുള്ളവരില്‍നിന്നറിഞ്ഞു സജിതയുടെ അച്ഛനും ചിലരും തൃക്കാക്കരയില്‍ എത്തുന്നതിനു മുമ്പു തന്നെ സജിതയുടെ മൃതദേഹം അഴിച്ചിറക്കി മോര്‍ച്ചറിയില്‍ എത്തിക്കുകയും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞയുടന്‍ സജിതയുടെ ബന്ധുക്കള്‍ എത്തുന്നതിനു മുമ്പുതന്നെ തൃക്കാക്കര പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നെന്നും പറയുന്നു.
മൃതദേഹം ധൃതിപിടിച്ചു ദഹിപ്പിക്കുന്നതിനു തൃക്കാക്കര പൊലീസും കൂട്ടുനിന്നതായും ആക്ഷേപമുണ്ട്. സജിതയ്ക്കു മൂന്നു മാസം പ്രായമായ കുഞ്ഞുണ്ട്. 50 പവനും എട്ടു ലക്ഷം രൂപയും സ്ത്രീധനം നല്‍കിയാണ് സജിതയുടെ വിവാഹം നടത്തിയത്. അതേസമയം പരാതി കൊടുത്തതിന്റെ പേരില്‍ സജിതയുടെ വീട്ടുകാര്‍ക്കു ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു ഭീഷണി ഉള്ളതായും പരാതിയുണ്ട്.