
പാലോട്: മീന്‍മുട്ടി ഹൈഡല്‍ ടൂറിസം സെന്ററില്‍ അധികൃതര്‍ അടച്ചിട്ടുപോയ മണിയരയന്നങ്ങളെ അടുത്തദിവസം തന്നെ മൃഗശാലയിലേയ്ക്ക് മാറ്റും. നിത്യപട്ടിണിയിലായിപ്പോയ ഈ മിണ്ടാപ്രാണികളെപ്പറ്റി 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. നിരവധി സംഘടനകളും വ്യാപകമായ പരാതികളുമായി രംഗത്തുവന്നിരുന്നു. നാട്ടുകാരുടെ സഹായത്താല്‍ ഓണദിവസം പട്ടിണിയില്ലാതെ കഴിഞ്ഞുകൂടി.
കഴിഞ്ഞ മൂന്നുമാസം മുമ്പാണ് വാമനപുരം നദിയില്‍ നീന്തിത്തുടിച്ചുനടന്ന മണിയരയന്നങ്ങളെ ടൂറിസം അധികൃതര്‍ കൂട്ടിലടച്ചിട്ട് കടന്നുകളഞ്ഞത്. ഏതാനും ദിവസം ഒരു താത്കാലിക ജീവനക്കാരന്‍ ഇവിടെ പണിയെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ പക്ഷികള്‍ മാത്രമാണുണ്ടായിരുന്നത്.
മണിയരയന്നങ്ങള്‍ വന്യജീവി വനം വകുപ്പിന്റെ ഷെഡ്യൂള്‍ നാലിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ അതിനെ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുമ്പോള്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഇവിടെ ഇത്തരം അനുമതികളൊന്നുമില്ലെന്ന് വനംവകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യം മുന്‍നിര്‍ത്തി എസ്.പി.സി.എ യുടെ ജില്ലാ ഭാരവാഹി എം.എന്‍. ജയചന്ദ്രന്‍ ജില്ലാ കളക്ടര്‍, ഡി.എഫ്.ഒ., എ.ഡബ്ല്യു.ബി.ഐ. എന്നിവര്‍ക്ക് പരാതി നല്‍കി. അരയന്നങ്ങളെ പട്ടിണിക്കിട്ടിരിക്കുന്ന സംഭവത്തില്‍ ഹൈഡല്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് ഡയറക്ടര്‍ ലീലാ ലത്തീഫ് ഡി.എഫ്.ഒ ക്ക് പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഹൈഡല്‍ ടൂറിസം ഇലക്ട്രിസിറ്റി ബോര്‍ഡിന് അനുബന്ധമായി വരുന്ന സൊസൈറ്റി ആയതിനാല്‍ തത്കാലം കേസ് എടുക്കേണ്ടതില്ലെന്നാണ് വനം വകുപ്പിന്റെ തീരുമാനം. ഓണാവധി കഴിഞ്ഞ് വരുന്ന ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തന്നെ കെ.എസ്.ഇ.ബി. യുമായി ബന്ധപ്പെട്ടശേഷം മണിയരയന്നങ്ങളെ മൃഗശാലയിലേയ്ക്ക് മാറ്റാന്‍ സത്വരനടപടികള്‍ സ്വീകരിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയകുമാര്‍ ശര്‍മ മാതൃഭൂമിയോട് പറഞ്ഞു.

