പാലോട്: വീടുകയറിയുള്ള ആക്രമണത്തില്‍ മീന്‍മുട്ടിയില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മീന്‍മുട്ടി പ്രമോദ് ഭവനില്‍ പ്രമോദ്, സുരേന്ദ്രന്‍, വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 9.30ന് പാലുവള്ളി സി.എസ്.ഐ. ജങ്ഷനിലാണ് സംഘര്‍ഷം. വി.എസ്.ഡി.പി.യില്‍ ചേരിപ്പോര് രൂക്ഷമായതോടെ ഇതില്‍നിന്നും കുറച്ചുപേരെ പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. പുറത്താക്കിയ സംഘത്തിലുള്ള ഒരാളെ ഔദ്യേഗികപക്ഷം മര്‍ദിച്ചതിന്റെ പ്രതികാരമെന്നോണമാണ് വീടുകയറി ആക്രമണമെന്നും ഒരുകൂട്ടര്‍ പറയുന്നു. മാരകായുധങ്ങളുമായെത്തിയാണ് സംഘം ആക്രമിച്ചത്. പരിക്കേറ്റ പ്രമോദിന്റെ നില ഗുരുതരമാണ്. പാലുവള്ളി പ്രദേശവാസികളായ സന്തോഷ്, മധു, ബിജു, സജി എന്നിവര്‍ക്കെതിരെ പാലോട് പോലീസ് കേസെടുത്തിട്ടുണ്ട്.