ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് വില്‍ക്കാന്‍ സുവര്‍ണാവസരം. ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ സംസ്ഥാന കൃഷി വകുപ്പാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. കര്‍ഷകര്‍ നേരിട്ട് നടത്തുന്ന ലേലത്തിലൂടെയാണ് ന്യായവില അവരുടെ കീശയിലെത്തുന്നത്. ചെറുകിട, വന്‍കിട കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും പച്ചക്കറികളും പഴവര്‍ഗങ്ങളും ഫ്രഷായിതന്നെ കമ്മീഷനില്ലാതെ സ്വന്തമാക്കാം.
ആഗസ്ത് 25ന് തുടങ്ങിയ ലേലക്കച്ചവടം ഒരുമാസം പിന്നിടുമ്പോള്‍ കര്‍ഷകര്‍ ഉത്സാഹതിമിര്‍പ്പിലാണ്. ആദ്യ ലേലത്തില്‍തന്നെ 12 ടണ്‍ പച്ചക്കറികള്‍ വിറ്റുപോയപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് രണ്ടരലക്ഷം രൂപയാണ്.
സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഉത്പന്നങ്ങള്‍ നേരിട്ട് കൊണ്ടുവന്ന് ലേലം നടത്തി വിപണനം ചെയ്യുകയാണിവിടെ. ഓരോ കൃഷി ഓഫീസിന്റെ പരിധിയിലും വരുന്ന കര്‍ഷകരെ ഗ്രൂപ്പുകളാക്കി തിരിച്ച് നിശ്ചിത ദിവസം ഉത്പന്നങ്ങള്‍ ലേലം ചെയ്യും. ഇപ്പോള്‍ തിങ്കളും വെള്ളിയുമാണ് ലേലം നടക്കുന്നത്. വെങ്ങാനൂര്‍, പള്ളിച്ചല്‍, നെയ്യാറ്റിന്‍കര, കോട്ടുകാല്‍, കല്ലിയൂര്‍ മേഖലകളിലെ കര്‍ഷക ഗ്രൂപ്പുകളാണ് സജീവമായിട്ടുള്ളത്. കൂടുതല്‍ കര്‍ഷകസംഘങ്ങള്‍ രൂപവത്കരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
നാടന്‍ ഏത്തയ്ക്ക, ജൈവവളം മാത്രം ഉപയോഗിച്ച് ഉത്പാദിപ്പിച്ച പാവല്‍, പടവലം, പയര്‍, വെള്ളരി, കോവല്‍, വെണ്ട, ചേന, ചേമ്പ്, മത്തന്‍, മരച്ചീനി ഇതിനുംപുറമേ നാളികേരം ഇവയൊക്കെ ലേലത്തിനെത്തുന്നുണ്ട്.
വെങ്ങാനൂര്‍ കര്‍ഷക ഗ്രൂപ്പിന്റെ കണ്‍വീനറായ രത്‌നരാജ് ലേലത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെപ്പറ്റി മാതൃഭൂമി നഗരത്തോട് പറഞ്ഞു. ''ആദ്യദിനത്തില്‍ അറുപതിനായിരം രൂപയുടെ ലേലമാണ് നടന്നതെങ്കില്‍ രണ്ടാംദിവസം രണ്ടുലക്ഷം രൂപയാണ് ലഭിച്ചത്. ഓരോതവണയും ലേലം പുരോഗമിക്കുകയാണ്. പുറത്ത് ഇടനിലക്കാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ ലാഭകരമാണ് ഇവിടത്തെ ലേലം. ഏത്തന്‍കായ്ക്ക് പുറത്ത് 34 രൂപയായിരുന്നപ്പോള്‍ 35 രൂപാവരെ ലേലത്തിലൂടെ എനിക്ക് ലഭിച്ചു. ഇങ്ങിനെ എല്ലാ ഉത്പന്നങ്ങള്‍ക്കും അധികവില കിട്ടുന്നുണ്ട്. ഞങ്ങള്‍ കര്‍ഷകര്‍ സന്തോഷത്തിലാണ്'' - രത്‌നരാജ് പറഞ്ഞു. എന്നാല്‍, ഇടനിലക്കാര്‍ കടന്നുവരാന്‍ ഇവിടെയും ശ്രമം നടത്തുന്നുണ്ടെന്നും അത് ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനായി കൃഷിവകുപ്പ് മാര്‍ക്കറ്റിങ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അടിസ്ഥാനവില നിശ്ചയിച്ചാണ് ലേലം. വില താഴ്ത്തി വാങ്ങാതിരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് അധികൃതരുടെ സാന്നിധ്യവുമുണ്ട്. വില താഴുകയാണെങ്കില്‍ അടിസ്ഥാനവില പ്രകാരം ഉത്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് ഏറ്റെടുക്കും. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് സൗജന്യമായി വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൃഷിവകുപ്പിന്റെ മാര്‍ക്കറ്റ് ഡെവലപ്പ്‌മെന്റ് പദ്ധതി പ്രകാരം അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍മിതികേന്ദ്രം മുഖേന ശീതീകരണശാല പണിതിട്ടുണ്ട്. ആറ് മുറികളാണ് ഇതിനുള്ളത്. ഒന്നര ടണ്‍ പച്ചക്കറികള്‍ ആഴ്ചകളോളം സൂക്ഷിക്കാനാകും. ലേലത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ., ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവര്‍ ഇവര്‍ക്കെല്ലാം ശീതീകരണശാല പ്രയോജനപ്പെടുത്താവുന്നതാണെന്ന് അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ബൈജു സൈമണ്‍ പറഞ്ഞു.
കാര്‍ഷിക വിഭവങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഗുണമേന്മയുടെ ചിഹ്നമായ അഗ്മാര്‍ക്ക് ലേബലുകള്‍ നല്‍കുന്നത് കൃഷിവകുപ്പിന്റെ കീഴിലുള്ള ലാബുകളില്‍വെച്ചാണ്. ഇത് ജില്ലകള്‍തോറുമുണ്ട്. ഈ ലാബുകളില്‍ നടത്തുന്ന പരിശോധനകളെപ്പറ്റിയും കാര്‍ഷികവിഭവങ്ങളില്‍ മായം ചേര്‍ക്കലിനെക്കുറിച്ചും കര്‍ഷകരെയും ഉപഭോക്താക്കളെയും ബോധവാന്മാരാക്കുന്നതിനായി സംസ്ഥാനതല അഗ്മാര്‍ക്ക് മ്യൂസിയം-കം-ഇന്‍ഫര്‍മേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു. വെളിച്ചെണ്ണ, തേന്‍, നെയ്യ്, കറിപ്പൊടികള്‍ എന്നിവയാണ് പ്രധാനമായും തരംതിരിക്കല്‍ നടത്തി അഗ്മാര്‍ക്ക് ചിഹ്നത്തില്‍ വിപണനം നടത്തുന്നത്.
ഇപ്പോള്‍ ചെറുകിട-വന്‍കിട കച്ചവടക്കാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍, ക്യാന്റീനുകള്‍ എന്നിവയും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. വന്‍കിട കയറ്റുമതിക്കാര്‍കൂടി ഗുണമേന്മയുള്ള ഈ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവരണമെന്ന് വേള്‍ഡ് മാര്‍ക്കറ്റിന്റെ സെക്രട്ടറി കലാകുമാരി പറഞ്ഞു.