മടത്തറ: ഏറെ കൊട്ടിഗ്‌ഘോഷിച്ച് നടത്തിയ 'ഊര്‍ജ്ജഗ്രാമം' പദ്ധതി പാളിയതോടെ പെരിങ്ങമ്മല പഞ്ചായത്തിലെ ശാസ്താംനട ആദിവാസി ഗ്രാമം വീണ്ടും ഇരുട്ടിലായി. വെളിച്ചത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിലും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും ഈ ഗ്രാമം ഇല്ലായ്മകളുടെ നടുവിലാണ്.
മടത്തറ-കുളത്തൂപ്പുഴ റോഡില്‍ വേങ്കൊല്ലയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ഉള്‍വനത്തിലായാണ് ശാസ്തംനാട ഗ്രാമം. തികച്ചും ഒറ്റപ്പെട്ടുപോയ ഇവിടെ ഇരുനൂറില്‍പ്പരം കുടുംബങ്ങളാണ് കഴിയുന്നത്. ഇവിടെ വൈദ്യുതി എത്തിക്കാനുള്ള ശ്രമം വിഫലമായപ്പോഴാണ് അന്നത്തെ ഗ്രാമപ്പഞ്ചായത്ത് അനര്‍ട്ടുമായി സഹകരിച്ച് ഇവിടെ സൗരവിളക്കുകള്‍ സ്ഥാപിച്ചത്. ലക്ഷങ്ങള്‍ ചെലവിട്ടുകൊണ്ടാണ് ശാസ്താംനട ഊര്‍ജ്ജഗ്രാമം പദ്ധതി നടപ്പാക്കിയത്.
ഒരു സോളാര്‍ പാനല്‍, രണ്ട് ബള്‍ബ്, ബാറ്ററി സംവിധാനം എന്നിവ ഉള്‍പ്പെടെ 50 വീടുകള്‍ക്കാണ് അന്ന് സൗരോര്‍ജ്ജം നല്‍കിയത്. ഇതുകൂടാതെ അഞ്ച് തെരുവ് വിളക്കുകളും സ്ഥാപിച്ചു. എന്നാല്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് മൂന്നാം നാള്‍ തന്നെ സൗരവിളക്കുകളില്‍ പാതിയും പ്രവര്‍ത്തന രഹിതമായി. പാനലുകള്‍ പലതും പ്രവര്‍ത്തിക്കാതെയായി. ഗുണനിലവാരത്തകര്‍ച്ചയായിരുന്നു പദ്ധതി പരാജയപ്പെടാനുള്ള പ്രധാന കാരണം. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇവര്‍ക്ക് പരിശീലനം നല്‍കിയതുമില്ല. ഇതും നാശത്തിന് കാരണമായി.
മാത്രമല്ല മൂന്നുവര്‍ഷം വരെ അറ്റകുറ്റപ്പണി നടത്തും എന്ന് ഏറ്റിരുന്ന ഏജന്‍സികള്‍ പിന്നീട് ആവഴിക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. സോളാര്‍ പാനല്‍ മഴയത്തും, വെയിലത്തും തുരുമ്പെടുത്ത് നശിച്ചതോടെ അനുബന്ധ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് കളിക്കോപ്പുകളായി മാറി. വെളിച്ചത്തേക്കാള്‍ ദുഃസ്ഥിതിയിലാണ് ഈന്നാട്ടുകാരുടെ യാത്രാ ദുരിതം. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഇവര്‍ക്ക് ആകെയുണ്ടായിരുന്ന ശാസ്താംനട -വേങ്കൊല്ല റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ കഴിയുന്നു. അതിനും പരിഹാര നടപടികള്‍ ഒന്നുമായിട്ടില്ല.

