തിരുവനന്തപുരം: ഓണം സമാപന ഘോഷയാത്രയെ കമനീയമാക്കിയത് നിശ്ചലദൃശ്യങ്ങള്‍. വ്യത്യസ്തമാര്‍ന്ന നിശ്ചലദൃശ്യങ്ങളുമായി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ മത്സരിച്ചപ്പോള്‍ കാണികള്‍ക്കത് വിരുന്നായി.
ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ മഹത്വം വര്‍ണിച്ചുകൊണ്ടുള്ള നിശ്ചലദൃശ്യമായിരുന്നു ആദ്യം എത്തിയത്. വിദ്യാഭ്യാസരംഗത്ത് ഉപഗ്രഹ വിപ്ലവം എഡ്യുസാറ്റിലൂടെ എന്ന മുദ്രാവാക്യവുമായി ഐ.എസ്.ആര്‍.ഒയാണ് പിന്നീടെത്തിയത്.
പശുവും ആടും കോഴിയുമൊക്കെ നിശ്ചലദൃശ്യങ്ങളാക്കി മൃഗസംരക്ഷണവകുപ്പിന്റെ ദൃശ്യം എത്തിയപ്പോള്‍ കാണികള്‍ക്കത് പുതുമയായി. ഭക്ഷ്യസുരക്ഷയും ഗ്രാമസുരക്ഷയും മൃഗസംരക്ഷണത്തിലൂടെ എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം.
തൊണ്ട് ഒരു പാഴ്‌വസ്തുവല്ല എന്നതായിരുന്നു കയര്‍വികസന വകുപ്പിന്റെ നിശ്ചലദൃശ്യത്തിന്റെ ഉള്ളടക്കം. പിന്നാലെ മാലിന്യങ്ങളില്‍ നിന്ന് വൈദ്യുതിയും ജൈവവളവും എന്ന ആശയവുമായി ബയോടെക് ഇന്ത്യ
എത്തി.
അഗ്‌നിശമനസേനയുടെ നിശ്ചലദൃശ്യമാണ് കൂടുതല്‍ ശ്രദ്ധേയമായത്. വൈദ്യുത കമ്പിയില്‍ കുരുങ്ങിക്കിടക്കുന്ന ആളെ രക്ഷിക്കാനെത്തുന്ന സേനാംഗങ്ങളുടെ ദൃശ്യമാണ് ഇതില്‍ ഒരുക്കിയത്. പ്രാണന്‍ പിടയുന്നിടത്ത് ഞങ്ങള്‍ തുണയായിടും എന്ന വാക്കുകളും ശ്രദ്ധിക്കപ്പെട്ടു.
മൃഗങ്ങളുടെ സ്ഥാനത്ത് നിങ്ങളായാല്‍ എന്ത് സംഭവിക്കും എന്ന് ചോദിച്ചുകൊണ്ടാണ് മ്യൂസിയം മൃഗശാലവകുപ്പ് എത്തിയത്. മനുഷ്യന്‍ കൂട്ടിലും മൃഗങ്ങള്‍ പുറത്തും നില്‍ക്കുന്ന കാഴ്ച കാണികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മൃഗങ്ങളെ ഉപദ്രവിക്കരുതെന്നായിരുന്നു ഇതിന്റെ സാരം.
നേഷന്‍ ഫസ്റ്റ് എന്ന മുദ്രാവാക്യവുമായി എത്തിയ എന്‍.സി.സിയും കാണികളുടെ കൈയടി നേടി. ശ്രീ പദ്‌നാഭസ്വാമി ക്ഷേത്രം രണ്ടുപേര്‍ നിശ്ചലദൃശ്യത്തിന് വിഷയമാക്കി. നേമം ബ്ലോക്ക് പഞ്ചായത്തും തലസ്ഥാനത്തെ ഒരു സ്വര്‍ണവ്യാപാരശാലയുമാണ് ഇത് വിഷയമാക്കിയത്.
വികസനം, അഭിവൃദ്ധി, സ്ഥിരത എന്നതായിരുന്നു റിസര്‍വ്വ് ബാങ്കിന്റെ മുദ്രാവാക്യം.
മദ്യം മാരകവിപത്ത് എന്ന മുദ്രാവാക്യവും ഗാന്ധിജിയുടെ ചിത്രവുമായി പിന്നാലെയെത്തിയത് എകൈ്‌സസ് വകുപ്പ്. മദ്യരഹിത മലയാളം എന്നതായിരുന്നു ഇവരുടെ ആശയം.
വനം-വന്യജീവി വകുപ്പ് മുന്നോട്ടുവെച്ചത് കാവുകളെ സംരക്ഷിക്കണം എന്ന ആശയമാണ്. അന്നം വിളയിക്കാം നാട്ടിലും നഗരത്തിലും എന്ന ആശയം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നോട്ടുവെച്ചു. ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ദൃശ്യം പുതുമയുള്ളതായി. മഹാബലിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്ന ഫോട്ടോഗ്രാഫര്‍മാരായിരുന്നു ദൃശ്യം. ഇത് കാണികളെ രസിപ്പിച്ചു.
കരുതുക കാവലാളാവുക എന്ന മുദ്രാവാക്യവുമായി കേരള പോലീസും കുമാരനാശാനെ അവതരിപ്പിച്ച് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തും ശ്രദ്ധേയമായി.
കേരള എഗ് മര്‍ച്ചന്റ് അസോസിയേഷന്‍ നിശ്ചലദൃശ്യത്തോടൊപ്പം കാണികള്‍ക്ക് മുട്ടകള്‍ വിതരണം ചെയ്തു. മുട്ട വാങ്ങിക്കാന്‍ ധാരാളംപേര്‍ മുന്നോട്ടുവന്നെങ്കിലും പോലീസ് ഇവരെ പിന്നിലേക്ക് മാറ്റി.
പദ്മശ്രീ എന്ന തുറമുഖ വകുപ്പിന്റെ കപ്പല്‍ കാണികളുടെ കൈയടി നേടി. അണ്ണ ഹസാരെയും നിശ്ചലദൃശ്യങ്ങളില്‍ ഇടംപിടിച്ചു.
മൊത്തത്തില്‍ പുതുമയുള്ള നിശ്ചലദൃശ്യങ്ങളായിരുന്നു ഘോഷയാത്രയില്‍ ഇടംപിടിച്ചത്. മഴ മാറിനിന്ന അന്തരീക്ഷത്തില്‍ കാണികളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.









