പാലോട്: ഉത്രാടപ്പാച്ചിലില്‍ അവസാന ഒരുക്കത്തിനായി ജനം ഒഴുകിയിറങ്ങിയപ്പോള്‍ ഗ്രാമീണ കവലകള്‍ ശ്വാസംമുട്ടി. ഗതാഗതക്കുരുക്കില്‍ വാഹനങ്ങള്‍ തട്ടലും മുട്ടലും അപകടങ്ങളും ഇതിനിടയില്‍ക്കൂടി വാഹനങ്ങളുടെ ചീറിപ്പാച്ചില്‍.... എങ്ങും വഴിയോരക്കച്ചവടങ്ങള്‍ പൊടിപൊടിച്ചു. ഓണാഘോഷ പിരിവുസംഘങ്ങള്‍........ആര്‍പ്പോ...ഇര്‍ര്‍ര്‍റോ വിളികളുമായി തോലുമാടന്‍ പുലിക്കളികള്‍..... നാടെങ്ങും ഓണപ്പാട്ടുകളുടെ താളത്തില്‍ മുങ്ങി.
നന്ദിയോട് മാര്‍ക്കറ്റില്‍ പൂരാടരാത്രിയില്‍ തന്നെ ഓണച്ചന്ത പ്രവര്‍ത്തനം തുടങ്ങി. ഉപ്പ് തൊട്ടു കര്‍പ്പൂരം വരെയുളള വിഭവങ്ങളാല്‍ സമൃദ്ധവും തിരക്കിന്റെ പൂരവുമായി ചന്ത. അനവധി ഗ്രാമീണ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചു. പച്ചക്കറികളുടെ വന്‍ശേഖരമുണ്ടായത് അമിത വിലക്കയറ്റം തടയാനായി. മിക്ക കൃഷി ഉല്‍പന്നങ്ങളും സ്ഥാനംപിടിച്ച ചന്തയില്‍ ഇൌറ്റ ഉല്‍പന്നങ്ങള്‍, കുടില്‍ ഉല്‍പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിവയും വില്‍പനയ്ക്കെത്തി.
സര്‍ക്കാരിന്റെ സപ്ളൈകോ, ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്, സഹകരണ സംഘങ്ങള്‍ എന്നിവ വഴി വിതരണം നടത്തിയ നിത്യോപയോഗ സാധനങ്ങള്‍ക്കു വന്‍ വിലക്കുറവും ഗുണനിലവാരം കൂടിയ ഉല്‍പന്നങ്ങളുമായിരുന്നു. മാത്രമല്ല, ആവശ്യാനുസരണം സാധനവും ലഭ്യമാക്കിയതുമൂലം ജനത്തിനു ബുദ്ധിമുട്ടുണ്ടായില്ല. കുടുംബശ്രീ യൂണിറ്റുകളും മറ്റു സ്വയംസഹായ സംഘങ്ങളും പച്ചക്കറി വില്‍പനയില്‍ സജീവമായി. പൊതു വിപണിയിലും പച്ചക്കറികളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും ലഭ്യത വേണ്ടത്ര ഉണ്ടായതു നാട്ടുകാര്‍ക്ക് ആശ്വാസമായി.

