പെരിങ്ങമ്മല: നൂറുമേനി വിളവ് ലഭിച്ചിട്ടും പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരത്തില്‍ കര്‍ഷകരുടെ കണ്ണീരൊഴിയുന്നില്ല. കൊയ്ത്തിന് ആളെ കിട്ടാത്തതുകാരണം കല്യാണിയും ഐ.ആര്‍.അഞ്ചും പാടത്തുതന്നെ കൂപ്പുകുത്തി കിളിര്‍ത്തുതുടങ്ങി.പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തില്‍ അവശേഷിക്കുന്ന ഏക പാടശേഖരമാണ് പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരം. ഒപ്പമുണ്ടായിരുന്ന ഭൂഉടമകളില്‍ പാതിയും വയല്‍ നികത്തി മറ്റ് കാര്‍ഷികവിളവിറക്കിയപ്പോഴും ഇവിടെ ഇരുപതിലധികം കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. പ്രതിസന്ധികളില്‍ തളരാതെ, പ്രകൃതിയോട് പടവെട്ടിയാണ് ഓരോ തവണയും ഇവര്‍ കൃഷിയിറക്കുന്നത്. എന്നാല്‍ വരള്‍ച്ചയായും പുഴുശല്യമായുമൊക്കെ ഓരോ വര്‍ഷവും വിളവെടുപ്പുകാലം ഇവര്‍ക്ക് സമ്മാനിക്കുന്നത് ദുരിതങ്ങളാണ്.ഇത്തവണയാകട്ടേ നല്ല വിളവ് ലഭിച്ചിട്ടും കൊയ്ത്തിന് ആളില്ല. പ്രതിദിനം 350 രൂപ നല്‍കിയിട്ടും പാടത്തിറങ്ങാന്‍ ഒരാളുമില്ലാത്ത സ്ഥിതിയാണിവിടെ. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൊയ്ത്തിനെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.സ്ഥിതി തുടരുകയാണെങ്കില്‍ 20-ലധികം കര്‍ഷകര്‍ വീണ്ടും കടക്കെണിയിലാകും.

