WELCOME
Monday, September 19, 2011
അധികൃതരുടെ അനാസ്ഥ: ടി. എസ്. റോഡില്‍ ഡിവൈഡര്‍ അപകടം വിതയ്ക്കുന്നു
പാലോട്: ടി. എസ്.റോഡില്‍ ഒന്നര വര്‍ഷമായി തുടരുന്ന അപകട പരമ്പരയ്ക്ക് അറുതി വരുത്താന്‍ പൊതുമരാമത്തിന്റെ ഭാഗത്തുനിന്നും ഒരു നടപടിയുമില്ലെന്ന് പരാതി. ബുധനാഴ്ച പത്ത് മണിയോടെ റോഡ് ഡിവൈഡറില്‍ ഇടിച്ച് ബോഡി ഇളകിത്തെറിച്ച കെ. എസ്. ആര്‍. ടി. സി. പാലോട് ഡിപ്പോയിലെ വേണാട് ബസ്സാണ് ഈ അപകട പരമ്പയില്‍ അവസാനത്തേത്. അപകടത്തില്‍ ആളപായമില്ലെങ്കിലും ബസിന് കാര്യമായ നാശമുണ്ടായി.
കഴിഞ്ഞ മഴക്കാലത്ത് പാലോട് റേഞ്ച് ഓഫിസിന് സമീപത്തെ റോഡ് വാമനപുരം നദിയോട് ചേര്‍ന്ന് ഇടിഞ്ഞുപോയിരുന്നു. ഈ ഭാഗത്ത് റോഡ് പുനഃസ്ഥാപിക്കുന്നതുവരെ താല്‍ക്കാലികമായി റോഡ് ഡിവൈഡര്‍ സ്ഥാപിച്ചു. ആദ്യം കരിങ്കല്ല് കെട്ടിയ അധികൃതര്‍ പിന്നീട് സിമന്റ് വാര്‍ത്ത് ഡിവൈഡര്‍ ബലപ്പെടുത്തി. മഴ മാറി മാസങ്ങള്‍ പോയി.എന്നിട്ടും പി. ഡബ്ല്യു.ഡി. റോഡിന് കുറുകെ സ്ഥാപിച്ച ഡിവൈഡര്‍ മാത്രം മാറിയില്ല. ഡിവൈഡര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇവിടെ റോഡ് ഉപരോധ സമരം വരെ നടന്നു. എന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
രണ്ട് വാഹനങ്ങള്‍ ഒരുമിച്ച് വന്നാല്‍ ഇവിടെ പെട്ടതുതന്നെ. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി നിത്യസംഭവമാണ്. ഇതിനോടകം നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. 20 കോടി ചെലവിട്ട് നിര്‍മിച്ച റോഡിനാണ് ഈ ഗതികേട്. കെ. എസ്. ടി. പി. ക്കായിരുന്നു റോഡുപണിയുടെ ചുമതല. പണി നടന്ന് ഒരാഴ്ച തികയുന്നതിന് മുമ്പുതന്നെ റോഡിന്റെ പാതിഭാഗം ഇടിഞ്ഞു. ഇവിടെ നേരത്തെ നിശ്ചയിച്ചിരുന്ന പാര്‍ശ്വഭിത്തി കെട്ടാതെ റോഡ് ടാര്‍ ചെയ്തതാണ് അപകടത്തിന് കാരണമായത്.
പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് തിരുവനന്തപുരം-തെങ്കാശി റോഡിലൂടെ യാത്ര ചെയ്യുന്നത്. എന്നാല്‍ രാവിലേയും വൈകുന്നേരവും ഇതുവഴിയുള്ള യാത്ര ദുരിതപൂര്‍ണമാണ്. ഒരു മാസത്തേക്ക് നിര്‍മിച്ച ഡിവൈഡറാണ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തീരാശാപമായി തുടരുന്നത്.

