കുളത്തൂപ്പുഴ വനം റെയ്ഞ്ചിലെ പൊന്മുടി സെക്ഷനില്‍ മൂന്ന് കടുവകളുടെ പഗ്മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. നെയ്യാര്‍ റെയ്ഞ്ചിലെ ആനനിരത്തിയിലും കടുവകളുടെ സാന്നിധ്യം കണ്ടെത്തി. എന്നാല്‍ പരുത്തിപ്പള്ളി, പേപ്പാറ റെയ്ഞ്ചുകളില്‍ കടുവയുടെ പാദമുദ്രകള്‍ രേഖപ്പെടുത്തിയിട്ടില്ല.
തമിഴ്‌നാട്ടിലെ കളക്കാട് - മുണ്ടന്‍തുറ ടൈഗര്‍ റിസര്‍വില്‍പ്പെടുന്ന വനങ്ങളാണ് തിരുവനന്തപുരം ഡിവിഷനിലുള്ളത്. ഈ റിസര്‍വുമായി അടുത്ത സാമീപ്യമുള്ള ബോണക്കാട് പാണ്ടിപ്പത്തില്‍ നിന്ന് പഗ്മാര്‍ക്ക് കിട്ടിയിട്ടില്ല.
ദേശീയ ഏജന്‍സിയായ 'പ്രോജക്ട് ടൈഗറി'ന്റെ ഒടുവിലത്തെ കണക്കനുസരിച്ച് കളക്കാട് - മുണ്ടന്‍തുറ റിസര്‍വില്‍ 27 കടുവകളെ കണ്ടെത്തിയിട്ടുണ്ട്. പെരിയാര്‍, പറമ്പിക്കുളം എന്നീ രണ്ട് ടൈഗര്‍ റിസര്‍വുകളാണ് കേരളത്തിന് സ്വന്തമായുള്ളത്. പെരിയാര്‍ റിസര്‍വില്‍ 36 കടുവകളുടെ സാന്നിധ്യമാണ് ഒടുവില്‍ തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം ഡിവിഷനില്‍ നടന്ന കടുവാസെന്‍സസില്‍ പങ്കെടുത്തവര്‍ ഏറെ കണ്ടെത്തിയത് കരടിയുടെ സാന്നിധ്യമാണ്. പുലിയുടെ എണ്ണവും കുറവായി അനുഭവപ്പെട്ടില്ലെന്ന് സെന്‍സസ് ടീം സാക്ഷ്യപ്പെടുത്തുന്നു. വനത്തില്‍ കടുവകളുടെ എണ്ണം കുറയുന്നത് ആവാസവ്യവസ്ഥയുടെ തന്നെ തകരാറായാണ് വിലയിരുത്തപ്പെടുന്നത്.

