ആറ്റിങ്ങല്‍. സൂക്ഷ്മപരിശോധനയുടെ ആദ്യഘട്ടം കടന്നു ജനഹിത പരിശോധനയില്‍ ഫലം അനുകൂലമാക്കാന്‍ സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തില്‍. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ ഇന്നലെ രണ്ടാംദിന വാഹനപര്യടനത്തിരക്കില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ: എ. സമ്പത്തിന് ഇന്നു പര്യടനത്തുടക്കം, ഇന്നലെ മലയോര മേഖലയില്‍ ഓട്ടപ്രദക്ഷിണം. ബിജെപി സ്ഥാനാര്‍ഥി ഗിരിജകുമാരി വര്‍ക്കല മണ്ഡലത്തിലാകെ ചുറ്റിത്തിരിഞ്ഞ് ഒന്നാംഘട്ട പര്യടനം പൂര്‍ത്തീകരിച്ചു.
വര്‍ക്കല അസംബ്ളി മണ്ഡലത്തിലെ മടവൂര്‍ പഞ്ചായത്തിലുള്‍പ്പെട്ട കരിമ്പുവിളയില്‍ നിന്നായിരുന്നു ബിന്ദു കൃഷ്ണയുടെ ഇന്നലത്തെ വാഹനപര്യടനത്തുടക്കം. തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനും വര്‍ക്കല എംഎല്‍എയുമായ വര്‍ക്കല കഹാറിനൊപ്പമായിരുന്നു പര്യടനം. യുഡിഎഫിനും ബിന്ദു കൃഷ്ണക്കും വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത സാമാന്യം ദീര്‍ഘമായിതന്നെ കഹാര്‍ വിവരിക്കുന്നു. പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ ബിന്ദു കൃഷ്ണയുടെ അളന്നുതൂക്കിയുളള വോട്ടഭ്യര്‍ഥന. അതിനുമുന്‍പേ അനൌണ്‍സ്മമെന്റ് വാഹനം നീങ്ങിക്കഴിഞ്ഞു.
സമയം തീരെയില്ല. ഒരു ദിവസത്തിനുള്ളില്‍ ഓടിയെത്തേണ്ടതു നാലു പഞ്ചായത്തുകളിലായി ചിതറിക്കിടക്കുന്ന 84 സ്വീകരണസ്ഥലങ്ങളിലേക്കാണ്. ഇന്ന് അരുവിക്കര മണ്ഡലത്തിലാണു പര്യടനം. സമ്പത്ത് രാവിലെ ശാര്‍ക്കര ക്ഷേത്രത്തിലെത്തി. ചിറയിന്‍കീഴിന്റെ ദേശീയ ഉല്‍സവമായ ശാര്‍ക്കര മീനഭരണി ഉല്‍സവത്തിന്റെ കൊടിയേറ്റായിരുന്നു ഇന്നലെ. കൊടിയേറ്റ് കാണുന്നതിനൊപ്പം
ഭക്തരെയും നേരിട്ടുകണ്ട് ഒരിക്കല്‍ക്കൂടി വോട്ടഭ്യര്‍ഥിച്ചു സമ്പത്ത് പിന്നെ ഓടിയെത്തിയത് ആറ്റിങ്ങലില്‍ അഭിഭാഷകരുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍. അപ്പോഴേക്കും കുറ്റിച്ചലില്‍ നിന്നു നിരന്തരം വിളിയെത്തി. മലയോര മേഖലയിലെ പര്യടനം ഓര്‍മപ്പെടുത്തിക്കൊണ്ട്.
ആറ്റിങ്ങലില്‍ നിന്നു സമ്പത്തിനെയും വഹിച്ചുള്ള വാഹനം പാഞ്ഞതു കുറ്റിച്ചലിലേക്ക്. ആര്യനാട് പിന്നിട്ടു വിതുരയും പൊന്മുടിയും കടന്നാണു രാത്രി പര്യടനത്തിനു തിരശീല വീണത്. സമ്പത്തിന്റെ വാഹനപര്യടനത്തിന് ഇന്നു രാവിലെ ഒന്‍പതിനു മടവൂര്‍ പഞ്ചായത്തിലെ ഞാറയില്‍ക്കോണത്തു തുടക്കമാവും. ബിജെപി സ്ഥാനാര്‍ഥി ഗിരിജകുമാരി കവലസന്ദര്‍ശനം ഉള്‍പ്പെട്ട ഒന്നാംഘട്ട പ്രചാരണംഅവസാനിപ്പിക്കേണ്ടതിന്റെ തിരക്കിലായിരുന്നു ഇന്നലെ. അതുകൊണ്ടുതന്നെ വര്‍ക്കല മണ്ഡലം നിറഞ്ഞ ഗിരിജകുമാരി രാവിലെ കുടുംബയോഗങ്ങളിലൂടെയാണു പ്രചാരണം സജീവമാക്കിയത്. വെട്ടൂര്‍ പഞ്ചായത്തില്‍ നിന്നാരംഭിച്ച പ്രയാണം മുനിസിപ്പാലിറ്റി പിന്നിട്ട് ഇടവ, ഇലകമണ്‍, ചെമ്മരുതി പഞ്ചായത്തുകളിലൂടെ മുന്നേറി നാവായിക്കുളവും പള്ളിക്കലും പൂര്‍ത്തീകരിച്ചാണ് അവസാനിപ്പിച്ചത്.

