
പെരിങ്ങമ്മല: മലയോര തോട്ടംതൊഴിലാളികളുടെ ഏക ആശ്രയമായ ഇടിഞ്ഞാര്‍ - ഇടവം റോഡ് തകര്‍ന്നു. റോഡിന്റെ തകര്‍ച്ച പൂര്‍ണമായതോടെ ഇതുവഴിയുള്ള ഗതാഗതം ദുസ്സഹമായി. മിക്കപ്പോഴും യാത്ര നടുവൊടിക്കുന്നവിധത്തിലാവും. ഇടവം, കോളച്ചല്‍, മുല്ലച്ചല്‍, പള്ളിമുക്ക് തുടങ്ങിയ ഭാഗങ്ങളിലെ കുഴികളില്‍പെട്ടാല്‍ അപകടം ഉറപ്പ്. കഴിഞ്ഞ പത്തുവര്‍ഷമായി ഈ സ്ഥിതി തുടരുകയാണ്. എന്നിട്ടും അധികൃതര്‍ക്ക് അനങ്ങാപ്പാറനയം.
റോഡുപണിക്കെന്നുപറഞ്ഞ് ആറുമാസം മുമ്പ് കൊണ്ടിറക്കിയ മെറ്റല്‍ റോഡില്‍ ആകമാനം ചിതറിത്തെറിച്ച് വരുത്തുന്ന അപകടങ്ങള്‍ വേറെ. മെറ്റലില്‍ പാതിയും മഴയത്ത് ഒലിച്ചുതീര്‍ന്നു. ഇടിഞ്ഞാര്‍, ബ്രൈമൂര്‍, ഇടവം, കല്ലണക്കരിക്കകം, കോളച്ചല്‍, അടിപറമ്പ് നിവാസികളുടെയെല്ലാം ഏക ആശ്രയമാണ് ഇടവം - ഇടിഞ്ഞാര്‍ റോഡ്. ഇടിഞ്ഞാര്‍ ഗവ. എച്ച്.എസ്, മങ്കയം ഇക്കോ ടൂറിസംപ്രദേശങ്ങളിലെത്തുന്നവരുടെയെല്ലാം യാത്ര പീഡാനുഭവമാണ്.
റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കാത്ത പക്ഷം ജനകീയ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഇതിനു മുന്നോടിയായി അധികൃതര്‍ക്കെല്ലാം സമരസമിതിക്കാര്‍ പരാതി നല്‍കിക്കഴിഞ്ഞു.

