WELCOME
Monday, September 26, 2011
വനംവകുപ്പിന്റെ കാര്യാലയം കാടുകയറി
പെരിങ്ങമ്മല: വനംവകുപ്പിന്റെ കീഴിലുള്ള പെരിങ്ങമ്മലയിലെ കാര്യാലയം കാടുകയറി ഇഴജന്തുക്കളും പന്നികളും താവളമാക്കി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒരിക്കല്‍പോലും ഈ ഓഫീസ് പരിസരം നവീകരിക്കുകയോ വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. ഓഫീസ് പരിസരം കാടുകയറിയതോടെ സമീപവാസികള്‍ ഇഴജന്തുക്കളുടെ ഭീഷണിയിലായി.
പെരിങ്ങമ്മല ഗാര്‍ഡന്‍ സ്റ്റേഷനിലെ വനംവകുപ്പ് കാര്യാലയത്തിന്റെ ശോച്യാവസ്ഥയെപ്പറ്റി നിരവധി തവണ വാര്‍ത്തകളും പ്രചാരണങ്ങളും വന്നിരുന്നെങ്കിലും പ്രശ്‌നപരിഹാരത്തിന് യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഔഷധസസ്യത്തോട്ടത്തിനായി ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ഔഷധവനവും കാടുമൂടിയ നിലയിലാണ്. ഔഷധസസ്യ പദ്ധതിക്ക് ഒരു പതിറ്റാണ്ടുമുമ്പ് ഒന്നരലക്ഷം രൂപയാണ് വനംവകുപ്പ് അനുവദിച്ചിരുന്നത്. എന്നാല്‍, കുറെയധികം ഔഷധസസ്യങ്ങള്‍ ഇവിടെ കൊണ്ടുതള്ളിയതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.
വന്‍മരങ്ങളുടെ ചില്ലകളും കാടും പടര്‍പ്പും നിറഞ്ഞ ഗാര്‍ഡന്‍ സ്റ്റേഷന്‍ തികച്ചും കാടുമൂടിയ നിലയിലായി. ഒരു തപോവന സമാനമായ ഓഫീസ് അടിയന്തരമായി നവീകരിക്കണമെന്ന് പരിസരവാസികള്‍ പറയുന്നു.

