പാലോട്: ഏറുമാടങ്ങളില്‍നിന്നുള്ള ടയാളവാക്യങ്ങള്‍ക്കനുസരിച്ചാണ് 'വെങ്കിട്ട'യെന്ന ആദിവാസി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനം. കാരണം സദാ ആനച്ചൂരിന്റെ ഗന്ധം പേറുന്ന ഈ ഉള്‍വനാന്തര്‍ഗ്രാമങ്ങളില്‍ ഏതുനിമിഷവും കാട്ടാനക്കൂട്ടം ചിന്നംവിളിച്ചെത്തും.
പാലോട് റെയ്ഞ്ചില്‍, പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ മങ്കയത്തുനിന്നും ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ കാല്‍നടയായി വേണം വെങ്കിട്ട എന്ന ഈ ആദിവാസി ഊരിലെത്താന്‍. കാട്ടാനക്കൂട്ടത്തിന്റെ കൊമ്പുകള്‍ക്കിടയിലും ചവിട്ടടിയിലും ഞെരിഞ്ഞമരാതെ ഈ ഉള്‍വനത്തില്‍ കഴിയുന്നത് അഞ്ച് ആദിവാസി കുടുംബങ്ങളാണ്.
ആദിച്ചന്‍കാണിയും ഭാര്യ ലക്ഷ്മിയുമാണ് അര നൂറ്റാണ്ട് മുമ്പ് 'വെങ്കിട്ട'യില്‍ കാട് വെട്ടിത്തെളിച്ച് സ്ഥിര താമസമാക്കിയത്. കഠിനാധ്വാനിയായിരുന്ന ആദിച്ചന്‍കാണി പകലന്തിയോളം കിളച്ചുമറിച്ച് വിതയെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ചു. മക്കളും മണ്ണിനെ സ്‌നേഹിക്കുന്നവരായിരുന്നതിനാല്‍ വെങ്കിട്ടയില്‍ ഒരു കാര്‍ഷികഗ്രാമംതന്നെയുണ്ടായി. കപ്പയും ഇഞ്ചിയും വാഴയും പച്ചക്കറിയും കുരുമുളകുമെല്ലാം വെങ്കിട്ടയില്‍നിന്നും മലയിറങ്ങി പെരിങ്ങമ്മല ചന്തയിലെത്തി.
എന്നാല്‍ ഇന്ന് സ്ഥിതി മാറി. കാട് വെട്ടിത്തെളിച്ച് വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി എന്ന പുത്തന്‍ പരിഷ്‌കാരം തുടങ്ങിയതോടെ കാട്ടാനകളും കാട്ടുപന്നികളും ഇത്തരം ഗ്രാമങ്ങളിലേക്ക് അന്നം തേടിയിറങ്ങി. വെങ്കിട്ടയിലെ ഇരുപത്തിയഞ്ചില്‍പ്പരം വരുന്ന കാടിന്റെ മക്കള്‍ക്ക് അന്തിയുറങ്ങാന്‍തന്നെ ഇതോടെ ഭയമായി. പകല്‍ പന്ത്രണ്ട് മണിക്കുപോലും ഇവരുടെ വിളകള്‍തേടി കാട്ടാനക്കൂട്ടം ഇറങ്ങിത്തുടങ്ങി. കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തും ചവിട്ടിയരച്ചും അരിശം തീര്‍ത്ത് അവ കടന്നുപോകും.
ഈ ആനത്താരയില്‍ക്കൂടിയാണ് എല്‍.പി.ക്ലാസ്സുകാരായ രേവതി, അശ്വതി, ഈവ, ഇന്ദ്രജ, അരുണ്‍, മണികണ്ഠന്‍ എന്നീ കുരുന്നുകള്‍ നാല് കിലോമീറ്ററിലധികം നടന്ന് അക്ഷരവെട്ടം തേടി ഇടിഞ്ഞാര്‍ സ്‌കൂളിലെത്തുന്നത്. മക്കള്‍ വീട്ടില്‍നിന്നിറങ്ങിയാല്‍ തിരിച്ചെത്തുന്നതുവരെ ചങ്കില്‍ തീയാണെന്ന് രക്ഷിതാക്കള്‍.
രാത്രിയും പകലും കാവലിനായി വലിയ മരങ്ങളുടെ മുകളില്‍ കെട്ടിയ ഏറുമാടങ്ങളില്‍ ആളുണ്ടാവും. കരിവീരന്മാര്‍ കാടിളക്കിവരുന്നതറിയിക്കാന്‍ ചില പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിക്കും. അതോടെ ഊരുകള്‍ ഉണരും. പിന്നീട് ഉറക്കമില്ലാത്ത രാവുകളിലേക്ക് കത്തിച്ച പന്തങ്ങളുമായി 'വെങ്കിട്ട' ഉണര്‍ന്നിരിക്കും. ഇതെല്ലാം ഇപ്പോള്‍ പതിവായെന്ന് ഈച്ചിക്കുട്ടിയും വിശ്വനാഥനും ലക്ഷ്മി (76) യും പറയുന്നു. നിരവധി തവണ ഇവരുടെ മാടങ്ങളും കാര്‍ഷികവിളകളും കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചുകഴിഞ്ഞു. സ്വന്തമായി കിണറും കക്കൂസും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊന്നുമില്ലെങ്കിലും ഇവര്‍ പകലന്തിയോളം ഇപ്പോഴും മണ്ണില്‍ പണിയെടുക്കുന്നുണ്ട്; മികച്ച വിളകള്‍ തിരിച്ചെടുക്കാമെന്ന ശുഭപ്രതീക്ഷയില്‍.

