പാലോട്: മൂന്നുഗ്രാമപ്പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം അന്‍പത്‌വര്‍ഷത്തെ കഠിനപരിശ്രമത്തിനൊടുവില്‍ പദ്ധതി പ്രഖ്യാപിച്ചു. നിര്‍മാണ ചെലവ് 11.5 കോടി. 2010 ജനവരിയില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തറക്കല്ലിട്ടു. 2012- ജനവരിയില്‍ പാലം തുറന്നുകൊടുക്കുമെന്ന് അന്ന് പൊതുമരാമത്ത് വകുപ്പു സെക്രട്ടറി ഉറപ്പും നല്‍കി. എന്നാല്‍ രണ്ട് വര്‍ഷം കൊണ്ട് ചെല്ലഞ്ചിപ്പാലത്തിനായി ആകെ പണികഴിപ്പിച്ചത് വെള്ളത്തിനു മുകളില്‍ നാലടി പൊക്കത്തില്‍ കാണാവുന്ന രണ്ട് തൂണുകളും രണ്ട് കരയിലും പേരിനുമാത്രം നിര്‍മിച്ച രണ്ട് ബെയ്‌സ് ബീമുകളും മാത്രം.
കല്ലറ, പുല്ലമ്പാറ, നന്ദിയോട്, പാങ്ങോട് ഗ്രാമപ്പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ചെല്ലഞ്ചിപ്പാലം പണിയുന്നത്. സര്‍ക്കാറിനു കീഴില്‍വരുന്ന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മാണ ചുമതല. ഇവര്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഹോപ്പ്' എന്ന കമ്പനിക്ക് കരാര്‍ കൈമാറി. ഇങ്ങനെ സബ്ബ് ടെന്‍ഡര്‍ നല്‍കിയതാണ് പണി ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്നു പറയുന്നു.
നല്ലവേനല്‍ കാലത്ത് വാമനപുരം നദി വറ്റിക്കിടന്ന ആറ് മാസവും കാര്യമായ പണി ഒന്നും നടന്നില്ല. ഇടയ്ക്ക് മഴക്കാലം വന്നതോടെ രണ്ട് ബീമുകളുടെ പ്രാരംഭ പണിമാത്രം തുടങ്ങിവച്ചു. ഇങ്ങനെ പോവുകയാണെങ്കില്‍ പത്ത്‌വര്‍ഷം കൊണ്ടും പാലംപണി എങ്ങുമെത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
2012 ജൂണില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ പുതിയ പാലത്തിലൂടെ കുട്ടികള്‍ക്ക് ചെല്ലഞ്ചി സര്‍ക്കാര്‍ സ്‌കൂളിലെത്താം എന്നാണ് അന്ന് അധികൃതര്‍ പറഞ്ഞിരുന്നത്. കടത്തുവള്ളങ്ങളെ ആശ്രയിച്ചാണ് കല്ലറ പഞ്ചായത്തില്‍ നിന്നുള്ള കുട്ടികള്‍ ആറ്റിനിക്കരെ എത്തി പള്ളിക്കൂടത്തില്‍ പോയിരുന്നത്. പാലം പണിക്കായി ആറിന്റെ ഗതി തിരിച്ചുവിട്ടതോടെ ഉണ്ടായിരുന്ന കടത്തും നിലച്ചു. ഈ അധ്യയന വര്‍ഷം ആറ്റിനക്കരെ നിന്നും ഒരു കുട്ടി പോലും ചെല്ലഞ്ചി സ്‌കൂളില്‍ പഠിക്കാന്‍ എത്തിയില്ല. സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
പാലത്തിനു വേണ്ടി മുറവിളി കൂട്ടിയിരുന്നവരെ ആരെയും ഇപ്പോള്‍ കാണാനേയില്ല. പണി ആമയിഴയുന്ന സ്ഥിതിയിലായിട്ടും പ്രാദേശിക ഭരണകൂടത്തിനും അനക്കമില്ല. പൊതുമരാമത്തധികൃതരും ഈ വഴിക്ക് വന്നിട്ട് നാളേറെയായെന്ന് ഗ്രാമവാസികള്‍ പറയുന്നു. കടത്ത് മുടങ്ങിയതോടെ നന്ദിയോട്, കല്ലറ പഞ്ചായത്തുകള്‍ തമ്മിലുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ കൈമാറ്റവും നിലച്ചു. ചെറിയ കാര്യങ്ങള്‍ക്കുപോലും അന്‍പതിലധികം കിലോമീറ്ററുകള്‍ താണ്ടി ബസ്സില്‍ അങ്ങോട്ടുമിങ്ങോട്ടും പോകേണ്ട ഗതികേടിലാണ് ആറ്റിന്റെ ഇരുകരകളിലുമുള്ള നിരവധി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍.

