.അന്‍വര്‍ ഷാന്‍ പാലോട്
പാലോട്: പ്രതികൂല ജീവിതസാഹചര്യങ്ങളോട് പൊരുതി ഉയര്‍ന്ന വിജയം നേടിയ സന്തോഷത്തിലാണ് പെരിങ്ങമ്മല കൊച്ചുവിള ജെഎസ് മന്‍സിലില്‍ സജീന. ബിഎസ്സി ബയോകെമിസ്ട്രി- ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി വിഷയത്തില്‍ ഒന്നാംറാങ്ക് നേടിയാണ് സജീന മാതൃകയായത്. കേരള യൂണിവേഴ്സിറ്റിക്കുകീഴില്‍ തിരുവനന്തപുരം വിമെന്‍സ് കോളേജിലായിരുന്നു പഠനം. മൂത്തസഹോദരി ജസീന ഇതേകോളേജില്‍ ബിഎ പഠനം പൂര്‍ത്തിയാക്കി ഫലം കാത്തിരിക്കുകയാണ്. ഏറെ സങ്കടങ്ങള്‍ക്കിടയില്‍നിന്നാണ് ഈ സഹോദരിമാര്‍ പഠനം തുടരുന്നത്. പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ വൃക്കരോഗിയായ ഉമ്മ നദീറയുടെ ചികിത്സയ്ക്കും ജീവിത- പഠന ചെലവുകള്‍ക്കുമായി പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് രാപ്പകലില്ലാതെ ട്യൂഷന്‍ നല്‍കുന്നു. കൂലിപ്പണിക്കാരനായ ബാപ്പ അബ്ദുള്‍സലാം രണ്ടുവര്‍ഷംമുമ്പ് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. ഇതോടെ കുടുംബത്തിന്റെ ഭാരം സഹോദരിമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാര്യവട്ടം ക്യാമ്പസില്‍ ബിരുദാനന്തരബിരുദത്തിന് അപേക്ഷ നല്‍കാനുള്ള ഒരുക്കത്തിലാണ് സജീന. ഒപ്പം പഠനത്തിനിടയില്‍ കുടുംബത്തിന് തണലാകാന്‍ ജോലിയും സ്വപ്നം കാണുന്നു.


