പാലോട്:പുതിയകാലത്തിന്റെ കുത്തൊഴുക്കില്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന ഗോത്രാ ചാരമായ ചാറ്റുപാട്ട് പഠിക്കാന്‍ കുട്ടികളുടെ സംഘം രംഗത്ത്. പാലോട് ഉപജില്ലയിലെ ഞാറനീലി ഗവ.യു.പി.എസ്സിലെ കുട്ടികളുടെ സംഘമാണ് ചാറ്റുപാട്ട് പഠിക്കാന്‍ തയാറെടുത്തിരിക്കുന്നത്. വിദ്യാലയത്തിലെ നാട്ടറിവ് ക്ലബ്ബിന്റെ കീഴിലാണ് പഠനം.ആദിവാസി വിഭാഗത്തിന്റെയിടയില്‍ പ്രചാരത്തിലിരുന്ന ആചാരാനുഷ്ഠാന കലകൂടിയാണ് ചാറ്റുപാട്ട്. മനുഷ്യന്‍ അറിഞ്ഞോ, അറിയാതയോ നടത്തുന്ന കുറ്റം എന്നാണ് ചാറ്റ് എന്നവാക്കിന് അര്‍ത്ഥം. ഉത്സവങ്ങള്‍ക്ക് മുന്നോടിയായുള്ള ശുദ്ധീകരണപൂജകള്‍ക്കും ചാറ്റുപാട്ട് ഉപയോഗിച്ചിരുന്നു.മന്ത്രപ്ലാത്തിയെന്നാണ് ചാറ്റ് നടത്തുന്നയാളെ വിളിച്ചുപോരുന്നത്. 'കൊക്കറ' എന്ന ഉപകരണമാണ് ചാറ്റിന് ഉപയോഗിക്കുന്നത്. സ്‌കൂളില്‍ അവധിസമയങ്ങള്‍ തിരഞ്ഞെടുത്താണ് കുട്ടികളുടെ പഠനം. ചാറ്റുപാട്ടിന്റെ വരികള്‍ ലിഖിതരൂപത്തിലാക്കാനുള്ള ശ്രമങ്ങളും കുട്ടികള്‍ നടത്തിവരുന്നുണ്ട്.ഇലഞ്ചിയം ഊരില്‍ നിന്നുള്ള രാമന്‍കാണിയാണ് ചാറ്റുപാട്ടിന് ഗുരു. പുതിയ തലമുറയില്‍ ചാറ്റുപാട്ട് പഠിക്കാന്‍ ആരും രംഗത്ത് വരാതായതോടെ ഈ ഗാനശാഖ ഏതാണ്ട് അന്യംനിന്നു തുടങ്ങി. ഇതു മനസിലാക്കിയാണ് കുട്ടികള്‍ പുതിയ ദൗത്യം ഏറ്റെടുത്തത്. നാട്ടറിവ് സംഘത്തിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ വംശീയ വൈദ്യപഠനവും പുരോഗമിച്ചുവരുന്നു. പ്രശസ്ത കാണിവൈദ്യന്‍മാരായ ഈച്ചരന്‍കാണി, അപ്പുക്കുട്ടന്‍കാണി എന്നിവരുടെ മേല്‍നോട്ടത്തിലാണ് വംശീയ വൈദ്യപഠനം നടക്കുന്നതെന്ന് പ്രഥമാധ്യാപകന്‍ വേണുകുമാരന്‍ നായര്‍ പറഞ്ഞു. മൂന്നുമുതല്‍ ഏഴ് ക്ലാസുവരെ തിരഞ്ഞെടുത്ത കുട്ടികളാണ് നാട്ടറിവ് സംഘത്തിലുള്ളത്. കേരള ഫോക്ക്‌ലോര്‍ അക്കാഡമിയുടെ നിയന്ത്രണത്തിലാണ് നാട്ടറിവ് സംഘത്തിന്റെ പ്രവര്‍ത്തനം.

