പാലോട് പെരിങ്ങമ്മല ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു (ഹ്യുമാനിറ്റീസ്) വിദ്യാര്‍ഥിനി അഞ്ജുവാണ് ചികിത്സാ സഹായം കിട്ടിയിട്ടും ജീവന്‍ നിലനിര്‍ത്താനാവാതെ അന്ത്യയാത്രയായത്. നന്ദിയോട് പച്ച വാഴവിള ആര്യാനിവാസില്‍ അഞ്ജുവും ആര്യയും ഇരട്ട സഹോദരങ്ങളാണ്.
ഇതില്‍ അഞ്ജുവിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കൂടപ്പിറപ്പായ ആര്യയാണ് ജീവനാഡിയായ മജ്ജ പകുത്തു നല്‍കാന്‍ സന്നദ്ധയായി മുന്നോട്ടുവന്നത്. തിരുവനന്തപുരം ആര്‍.സി.സി യില്‍ മൂന്നുമാസം മുമ്പ് അഞ്ജുവിന്റെ ശസ്ത്രക്രിയ തീരുമാനിച്ചെങ്കിലും അവിടത്തെ തിരക്കു കാരണം നടത്താനായില്ല. അഞ്ജുവിന്റെ ശസ്ത്രക്രിയയ്ക്കുവേണ്ടി നാടെങ്ങും പ്രാര്‍ഥനാപൂര്‍വം സഹായഹസ്തവുമായി മുന്നോട്ടു വന്നിരുന്നു. ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും 10 ലക്ഷം രൂപ സ്വരൂപിച്ചു നല്‍കി മാതൃക കാട്ടി. എന്നാല്‍ കൂട്ടുകാരുടെയും ഗുരുക്കന്മാരുടെയും സഹായം ഏറ്റുവാങ്ങാതെ അഞ്ജു യാത്രയാവുകയായിരുന്നു. അഞ്ജുവിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ 9ന് വീട്ടിലെത്തിക്കും.
അച്ഛന്‍ അജിത്ത്. അമ്മ: അജിതകുമാരി. സഹോദരന്‍: അരുണ്‍ജിത്ത്.

