പാലോട്: പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പട്ടയം നിഷേധിക്കുന്നു. സ്വന്തം പേരില്‍ ഒരുതുണ്ട് ഭൂമി എന്ന സ്വപ്നവുമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിനു പേരാണ് സംസ്ഥാനത്ത് കഴിയുന്നത്. ഇവര്‍ കൂര കെട്ടിപ്പാര്‍ക്കുന്ന ഭൂമിക്ക് കൈവശാവകാശരേഖ മാത്രമാണ് നല്‍കിയിട്ടുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലെത്തുമ്പോള്‍ പലപ്പോഴും കൈവശാവകാശരേഖ ചോദിക്കാറുണ്ട്. ഇതിനായി റവന്യൂ അധികൃതരെ സമീപിച്ചാല്‍ വര്‍ഷത്തില്‍ ഒരിക്കലേ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്നാണ് ഇവരോട് പറയുന്നത്. ആറുമാസമാണ് ഇതിന് നല്‍കുന്ന കാലാവധി. അതനുസരിച്ച് ഒരുവര്‍ഷത്തില്‍ ഇവര്‍ക്ക് രണ്ടുതവണ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. അഞ്ച് സെന്റുമുതല്‍ അര ഏക്കര്‍വരെ ഭൂമി നൂറ്റാണ്ടുകളായി കൈവശാവകാശംവച്ച് അനുഭവിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും സ്വന്തം പേരില്‍ പട്ടയം നല്‍കിയിട്ടില്ല. പട്ടയം ലഭിക്കുന്നതിന് ഇവര്‍ കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളുമില്ല. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍പ്പെട്ട നന്ദിയോട് പഞ്ചായത്തില്‍ വലിയവേങ്കോട്ടുകോണത്ത് താമസിക്കുന്ന പതിനഞ്ചോളം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് താമസസ്ഥലത്തിനു സമീപം വനഭൂമിയായതിനാലാണ് പട്ടയം നിഷേധിക്കുന്നത്. പാലോട് റേഞ്ചിലെ പച്ചമല ബീറ്റില്‍പ്പെട്ടതാണ് ഇവിടത്തെ വനഭൂമി. വനമേഖലയായതിനാല്‍ ഭൂമി അളന്നു നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന് വലിയ വേങ്കോട്ടുകോണം സ്വദേശികളായ ഗോമതിയും ജഗദമ്മയും രഞ്ജുവും പറയുന്നു. തെന്നൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 2811ല്‍പ്പെട്ട വസ്തുവാണിത്. ഇവിടെ പത്തോളം പട്ടികജാതി വിഭാഗ കുടുംബക്കാര്‍ പട്ടയമില്ലാതെ താമസിക്കുന്നു. സമീപം പാലോട് വില്ലേജില്‍പ്പെട്ട ഭൂമിയില്‍ അഞ്ചോളം കുടുംബങ്ങളും പട്ടയമില്ലാതെ താമസിക്കുന്നു. നന്ദിയോട് കടുവപ്പാറ പുറമ്പോക്കിലും നിരവധി കുടുംബങ്ങള്‍ പട്ടയമില്ലാതെ താമസിക്കുന്നു.

