പാലോട്: മ്ലാവുകളുടെ (കാട്ടാട്) ശല്യംമൂലം റബര്‍ കര്‍ഷകര്‍ ദുരിതത്തില്‍. വനമേഖലയോട് ചേര്‍ന്ന കൃഷിയിടങ്ങളിലെ റബര്‍ മരങ്ങളുടെ പട്ടകള്‍ മ്ലാവുകള്‍ തിന്നുതീര്‍ക്കുന്നു. മുത്തിക്കാണി, ചെന്നല്ലിമൂട്, ഇയ്യക്കോട്, കല്ലണ, മുത്തിപ്പാറ, കോളച്ചല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ശല്യമേറെ. ടാപ്പിങ്ങിന് പാകമായ മരങ്ങളുടെ പട്ടകളാണ് മ്ലാവുകള്‍ തിന്നുതീര്‍ത്തത്. ഇതുമൂലം നിരവധി മരം ഉണങ്ങി. ടാപ്പിങ്ങിന് പാകമായ മരങ്ങളുടെ പട്ടയ്ക്ക് നേരിയ മധുരമുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇതാണ് മ്ലാവുകളെ കൂട്ടത്തോടെ റബര്‍തോട്ടങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. പട്ടയോടൊപ്പം ഉള്ളില്‍ ചെല്ലുന്ന റബര്‍കറ മ്ലാവുകളുടെ ആരോഗ്യത്തിനും ഭീഷിണയാണ്. പ്രദേശത്ത് കൃഷി നടത്തിവരുന്ന സുദര്‍ശനന്റെ 125 മരങ്ങളില്‍ 60 എണ്ണവും മ്ലാവുകള്‍ തിന്നുതീര്‍ത്തു. മുരളിയുടെ 160 മരങ്ങളും മുത്തിപ്പാറയില്‍ സത്യന്റെ 500 മരങ്ങളില്‍ ഭൂരിഭാഗവും മ്ലാവുകള്‍ നശിപ്പിച്ചു. സമീപത്ത് അജയന്റെ കൃഷിയിടത്തിലെ 300 മരങ്ങളില്‍ ഏറിയപങ്കും മ്ലാവുകള്‍ തിന്നു. മ്ലാവുകള്‍ തിന്നുതീര്‍ത്ത ഭാഗത്ത് ചേടിമണ്ണും തുരിശും ചേര്‍ത്ത മിശ്രിതം പുരട്ടി ചകിരിചേര്‍ത്ത് കെട്ടി പുതിയ പട്ടവരുന്നതും കാത്തിരിക്കുകയാണ് കര്‍ഷകര്‍. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും കൃഷിനടത്തി വിളവെടുക്കാന്‍ കാത്തിരുന്നവരാണിവര്‍. കൃഷിയെയും മ്ലാവുകളുടെ ആരോഗ്യത്തെയും സംരക്ഷിക്കാന്‍ വനംവകുപ്പ് അതിര്‍ത്തിപ്രദേശങ്ങളില്‍ വേലിനിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.


