പെരിങ്ങമ്മല: കൊയ്ത്തുകഴിഞ്ഞ പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരത്തില്‍ വിരുന്നുകാരായി ചേരാകൊക്കന്‍മാര്‍ പറന്നിറങ്ങി. ഏഷ്യന്‍ ഓപ്പണ്‍ഹില്‍ എന്നപേരില്‍ അറിയപ്പെടുന്ന ചേരാകൊക്കുകള്‍ ദേശാടനപ്പക്ഷികളാണ്. വടക്കന്‍കേരളത്തില്‍ പരിമിതമായും ഗോവ, ആന്ധ്രാ, കര്‍ണാടക സംസ്ഥാനങ്ങളിലും താരതമ്യേന കണ്ടുവരുന്ന കൊറ്റികളാണ് ചേരാകൊക്കന്‍മാര്‍. സാധാരണ തടാകക്കരയില്‍ മാത്രം ആവാസംകണ്ടെത്തുന്ന ഈ പക്ഷികള്‍ ആദ്യമായാണ് പെരിങ്ങമ്മല പാടശേഖരത്തില്‍ വിരുന്നിനെത്തിയത്.നാടന്‍കൊക്കുകളേക്കാള്‍ വലിപ്പംകൂടിയവയാണ് ചേരാകൊക്കുകള്‍.കറുത്തവരിയൊത്ത തൂവലുകളില്‍ നിറംപിടിപ്പിച്ചതുപോലുള്ള വെളുത്ത തൂവലുകള്‍, കനംകൂടിയ ചുണ്ടുകള്‍, വലിയതല എന്നിവയെല്ലാം ചേര്‍ന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് കൊക്കുകളാണ് ചേരാകൊക്കന്‍മാര്‍. ഇരുപതിലധികം കൊക്കുകളാണ് പെരിങ്ങമ്മല പാടശേഖരത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ എത്തിയത്. പെരിങ്ങമ്മല പഞ്ചായത്തിലെ അവശേഷിക്കുന്ന ഏക പാടശേഖരമാണ് പെരിങ്ങമ്മല നോര്‍ത്ത്പാടശേഖരം.



