പാലോട്: കാണാതായ വൃദ്ധയുടെ മൃതദേഹം ആറ്റിന്‍കരയിലെ മുള്‍ചെടിക്കിടയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തി. പേരയം മീന്‍മുട്ടി തടത്തരികത്ത് വീട്ടില്‍ പരേതനായ ശലോമന്റെ ഭാര്യ തങ്കമ്മ (92) യാണ് മരിച്ചത്. ആറ്റില്‍ കുളിക്കുമ്പോള്‍ മീന്‍മുട്ടി ഡാമിന്റെ ഷട്ടര്‍ തുറന്ന് വിട്ടതിനെ തുടര്‍ന്നുള്ള വെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയതാണെന്ന് കരുതുന്നു. വെള്ളിയാഴ്ച രാവിലെ 11നാണ് തങ്കമ്മ തേക്കിന്‍കാട് കടവില്‍ കുളിക്കാനിറങ്ങിയത്. ഇതിനുശേഷം മീന്‍മുട്ടി മിനി ഹൈഡല്‍ പ്രോജക്ടിന്റെ ഷട്ടര്‍ തുറന്നിരുന്നു. തങ്കമ്മയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പാലോട് പോലീസില്‍ പരാതി നല്‍കി. ശനിയാഴ്ച രാവിലെ തേക്കിന്‍കാട് നിന്ന് ഒരു കിലോമീറ്റര്‍ താഴെ കരിയിലക്കയത്തിനടുത്താണ് തങ്കമ്മയുടെ മൃതദേഹം കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശവസംസ്‌കാരം നടത്തി. മീന്‍മുട്ടിയില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഡാമിന്റെ ഷട്ടര്‍ തുറക്കാറില്ലെന്നും വൈദ്യുതോത്പാദന സമയത്ത് വെള്ളം പുറത്തേക്കൊഴുകുന്നതിന് മുന്നോടിയായി മുന്നറിയിപ്പ് സൈറണ്‍ നല്‍കാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ജോണ്‍സണ്‍, ക്രിസ്തുദാസ്, തമ്പി, സത്യന്‍, ഡേവിഡ്, സിസിലി, റാഹേല്‍, ജനറ്റ്, പരേതയായ നവോമി എന്നിവരാണ് തങ്കമ്മയുടെ മക്കള്‍. മരുമക്കള്‍: പരേതനായ പൊന്നയ്യന്‍, പൊന്നുമണി, നേശമണി, വില്‍സണ്‍, ഓമന, എല്‍സി, ലത, വിജയ.

