പാലോട്: പൂര്‍ണ ഗര്‍ഭിണിയായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ആദിവാസി യുവതിയെ സാമൂഹികക്ഷേമ വകുപ്പധികൃതര്‍ ആശുപത്രിയിലാക്കി. ആശുപത്രിയിലെത്തിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പെരിങ്ങമ്മല പഞ്ചായത്തിലെ വനമേഖലയിലുള്ള ആദിവാസി ഊരായ പോട്ടോമാവിലാണ് സംഭവം. പോട്ടോമാവ് കുന്നുംപുറത്ത് വീട്ടില്‍ പ്രിജി (28) ക്കാണ് സാമൂഹികക്ഷേമവകുപ്പ് അധികൃതരുടെ അപ്രതീക്ഷിത സഹായം ലഭിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചൈല്‍ഡ് റൈറ്റ് കമ്മീഷണര്‍ സെക്രട്ടറി നീലാഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം പോട്ടോമാവ് പട്ടികവര്‍ഗകോളനി സന്ദര്‍ശനത്തിനെത്തിയത്.
സംഘം കോളനികളിലെ വീടുകള്‍ ഓരോന്നായി പരിശോധിച്ചുവരുന്നതിനിടയിലാണ് പോട്ടോമാവിലെ കുന്നിന്‍പുറത്ത് പ്രിജി ഒറ്റയ്ക്ക് താമസിക്കുന്ന വിവരം അറിഞ്ഞത്. സംഘം പ്രിജിയുടെ വീട്ടില്‍ എത്തുമ്പോള്‍ യുവതി തീരെ അവശനിലയിലായിരുന്നു. ഉടന്‍തന്നെ എസ്.ടി. വകുപ്പ് പ്രോജക്ട് ഓഫീസര്‍ ശശിധരന്‍ ചെട്ടിയാര്‍ വേക്കൊല്ലയില്‍ നിന്നും വണ്ടി വിളിച്ചുവരുത്തി കടയ്ക്കല്‍ ആശുപത്രിയിലെത്തിച്ചു. ഇവരോടൊപ്പം സാമൂഹികക്ഷേമവകുപ്പ് അധികൃതരും ഉണ്ടായിരുന്നു.
കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ നിന്നും പ്രിജിയെ എസ്.എ.ടിയിലെത്തിച്ചു. മൂന്നുമണിയോടെ പ്രിജി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അധികൃതരെത്താന്‍ വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ സംഭവിക്കുമായിരുന്ന വലിയൊരു ദുരന്തമാണ് സംഘത്തിന്റെ സന്ദര്‍ശനത്തോടെ ഒഴിവായത്. ഭര്‍ത്താവ് ഉപേക്ഷിച്ച് ഒറ്റയ്ക്കു കഴിയുന്ന പ്രിജിയുടെ മൂന്നാമത്തെ കുഞ്ഞാണിത്. നന്ദിയോട് സ്വദേശിയായിരുന്നു പ്രിജിയുടെ ഭര്‍ത്താവ്. നീലാഗംഗാധരനെ കൂടാതെ വിശ്വനാഥന്‍, ജില്ലാ സാമൂഹ്യക്ഷേമവകുപ്പ് ഓഫീസര്‍ ലീല, സി.ഡി.പി.ഒ വിജയലക്ഷ്മി, ഗിരിജ, പെരിങ്ങമ്മല അങ്കണവാടി സൂപ്പര്‍വൈസര്‍ രാജലക്ഷ്മി, അങ്കണവാടി വര്‍ക്കര്‍ ശോഭ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

