പാലോട്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ബിന്ദുകൃഷ്ണയുടെ നന്ദിയോട് പഞ്ചായത്തു തല പര്യടന പരിപാടിയില്‍ ആവേശം വിതറി. എല്ലാ കേന്ദ്രങ്ങളിലും മാലപടക്കത്തിന്റെ അകമ്പടിയോടെയാണു സ്ത്രീകളടക്കമുള്ളവര്‍ വരവേറ്റത്. പാങ്ങോട് പഞ്ചായത്തിലെ സ്വീകരണം കഴിഞ്ഞു നാലു മണിക്കൂര്‍ വൈകിയാണു നന്ദിയോടു പഞ്ചായത്തിലെ പര്യടനം തുടങ്ങിയത്. പാലോട് ആശുപത്രി ജംക്ഷനില്‍ പാര്‍ട്ടി മണ്ഡലം ഭാരവാഹി ശ്രീധരന്‍നായരുടെ വീട്ടില്‍ 3.30 നു ഉച്ചയൂണിനു ശേഷം നാലുമണിയോടെ നന്ദിയോടു പഞ്ചായത്തിലെ പര്യടനം ആരംഭിച്ചു. ചടച്ചികരിക്കകത്ത് തൊഴിലാളികള്‍ അടക്കമുള്ളവരുടെ സ്വീകരണം ഏറ്റുവാങ്ങി ചോനംവിളയിലെ സ്വീകരണവും താണ്ടി പാലുവള്ളി ജംക്ഷനില്‍ എത്തിയപ്പോള്‍ സ്ത്രീകളുടെ നല്ല പങ്കാളിത്തം.
വാഹനത്തില്‍ നിന്നിറങ്ങി അവരോടോപ്പം അല്‍പനേരം ചെലവിട്ടു. പിന്നെയെത്തിയത് അടുത്തിടെ വീടിന്റെ ചുവര്‍ തകര്‍ന്നു വീണ് അകാലത്തില്‍ പൊലിഞ്ഞ കൊച്ചുമിടുക്കന്‍ അലന്റെ ഇന്ദിരാ നഗറിലേക്കാണ്. അവിടെ വാഹനം നിര്‍ത്തി അലനു നിത്യശാന്തി നേര്‍ന്നു യാത്ര തുടര്‍ന്നു. ആലംമ്പാറയിലെ സ്വീകരണം കഴിഞ്ഞു വലിയതാന്നിമൂട്ടില്‍ ഐഎന്‍ടിയുസി യൂണിയന്റെ കൊടി ഉയര്‍ത്തല്‍ ചടങ്ങു നിര്‍വഹിച്ചു. തുടര്‍ന്ന് ഇളവട്ടവും കുറുപുഴയും വെമ്പും കടന്നു അടുത്ത സ്വീകരണ കേന്ദ്രമായ ആലംകുഴിയിലേക്കു പോകവെ നോട്ടീസില്‍ ഇല്ലാത്ത സാലിവാന്‍മുക്കില്‍ നാട്ടുകാര്‍ കാത്തുനിന്നു. അവരുടെ സ്വീകരണം ഏറ്റുവാങ്ങി തൊട്ടടുത്തു കണ്ട
കുരിശടിയില്‍ കാണിക്കയിട്ടു തൊഴുതു.
തുടര്‍ന്നു പച്ചമലയിലും പൌവത്തൂരിലും വട്ടപ്പന്‍കാട്ടിലും നന്ദിയോട്ടും പുലിയൂരും പ്ളാവറയിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പാലോട് ജംക്ഷനില്‍ എത്തുമ്പോള്‍ ഏഴുമണിയായിരുന്നു. അവിടെ പ്രസംഗം കത്തിക്കയറി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കേന്ദ്രീകൃത പദ്ധതികള്‍ ഒന്നും കൊണ്ടു വന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞകാല എംപിമാര്‍ പാര്‍ലമെന്റില്‍ രാഷ്ട്രീയം മാത്രം പറഞ്ഞതിന്റെ ദുരന്തഫലമാണ് ആറ്റിങ്ങല്‍ മണ്ഡലം അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.



