പാലോട്: രണ്ട് വയസ്സുകാരനായ ജിഷ്ണുവിന്റെ വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി പണം സ്വരൂപിക്കുകയാണ് ഇളവട്ടം പള്ളിത്തറ ഗ്രാമം. ജിഷ്ണു വളരുന്നതിനേക്കാള്‍ വേഗത്തിലാണ് വയറ്റിലെ മുഴ വളരുന്നത്. എസ്. എ. ടി. യിലെ ചികിത്സയിലാണ് ഇപ്പോള്‍ ജിഷ്ണു. ഓരോ ആഴ്ചയിലും മരുന്നുകള്‍ക്ക് മാത്രം 2500 രൂപവരെ ചെലവാകുന്നുണ്ട്. കൂലിപ്പണിക്കാരനായ അച്ഛന്‍ രാജുവിന് ഇത്രയും പണം കണ്ടെത്താനും കുടുംബം പോറ്റാനുമാകുന്നില്ല.
രണ്ട് വട്ടം ശസ്ത്രക്രിയ തീരുമാനിച്ചിരുന്നെങ്കിലും പ്ലേറ്റ്‌ലറ്റുകളുടെ കുറവ് കാരണം മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത മാസം രണ്ടാം വാരം വീണ്ടും ശസ്ത്രക്രിയ നടത്താം എന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ അതിനാവശ്യമായ പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് ജിഷ്ണുവിന്റെ അച്ഛനമ്മമാരായ രാജുവും, ബിന്ദുവും. ഇതിനായി ഗ്രാമപ്പഞ്ചായത്ത് അംഗം കെ. സി. ബാബുവിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. സുമനസുകളുടെ സഹായങ്ങള്‍ ബിന്ദു, സി. എസ്. ഐ. പള്ളിത്തറ ജങ്ഷന്‍, ഇളവട്ടം പി. ഒ. എന്ന വിലാസത്തിലോ, നന്ദിയോട് സര്‍വീസ് സഹകരണ ബാങ്കിന്റെ 9320 എന്ന അക്കൗണ്ട് നമ്പരിലോ എത്തിക്കാവുന്നതാണ്.

