വിതുര: ഹൃദയാഘാതത്തെത്തുടര്‍ന്ന് അനില്‍കുമാറിന്റെ ജീവന്‍ അസ്തമിക്കുമ്പോഴും അദ്ദേഹത്തിന്റെ ശബ്ദം ഉച്ചഭാഷിണിയിലൂടെ അലയടിച്ചുകൊണ്ടിരുന്നു. ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ പങ്കെടുക്കുന്ന രാഷ്ട്രീയവിശദീകരണ യോഗത്തിന്റെ പ്രചാരണ വാഹനത്തിനുവേണ്ടിയാണ് അനില്‍കുമാര്‍ ശബ്ദം റെക്കോഡു ചെയ്തു നല്‍കിയിരുന്നത്. ഞായറാഴ്ച പ്രചാരണ വാഹനം ഓടിക്കൊണ്ടിരിക്കെ തന്നെ അനില്‍കുമാറിന്റെ മരണവും സംഭവിച്ചു. ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് സമിതി മുന്‍ അധ്യക്ഷനായ അനില്‍കുമാറിന്റെ മരണത്തെ തുടര്‍ന്ന് യോഗം മാറ്റിവയ്ക്കുകയും ചെയ്തു. യോഗത്തില്‍ പങ്കെടുക്കാനെത്തിയ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, നേതാക്കളായ ജെ.ആര്‍. പദ്മകുമാര്‍, ശിവന്‍കുട്ടി തുടങ്ങിയവര്‍ അനില്‍കുമാറിന്റെ വീട്ടിലെത്തി. നാല്‍പതുകാരനായ അനില്‍കുമാറിന് ഞായറാഴ്ച ഉച്ചയ്ക്കാണ്ഹൃദയാഘാതമുണ്ടായത്. വീടിനു സമീപത്തെ കൃഷിയിടത്തില്‍ വെച്ചായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്. കെ.എസ്.ഇ.ബി. കരാറുകാരനായ അനില്‍കുമാര്‍ സമയക്കുറവു കൊണ്ടാണ് അനൗണ്‍സ്‌മെന്റിന് പോകാതെ ശബ്ദം തലേദിവസം റെക്കോഡ് ചെയ്തു നല്‍കിയിരുന്നത്. വിതുര കലുങ്ക് കവലയിലായിരുന്നു യോഗം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

