WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, July 9, 2012

ഒരാള്‍ക്കും ജോലി ലഭിക്കാത്ത ടാര്‍പ്ലാന്റിന് എന്‍.ഒ.സി.: നൂറുപേര്‍ക്ക് തൊഴില്‍ കിട്ടുന്ന ഇളനീര്‍ ഫാക്ടറിക്ക് അംഗീകാരമില്ല


നന്ദിയോട്: നാലുസെന്റ് നെല്‍വയല്‍ നികത്തി വീടുവയ്ക്കാന്‍ ലൈസന്‍സ് വാങ്ങിയശേഷം പണിയുന്നത് ഷോപ്പിങ് കോംപ്ലക്‌സിനും. അഞ്ചുവര്‍ഷം മുമ്പുവരെ കൃഷി ചെയ്തിരുന്ന വയല്‍ നികത്തിയസ്ഥലത്ത് ടാര്‍ പ്ലാന്റ് സ്ഥാപിച്ചതിനും പഞ്ചായത്തിന്റെ എന്‍.ഒ.സി. നല്‍കി. എന്നാല്‍ മുപ്പതു വര്‍ഷം മുമ്പ് കൃഷിയവസാനിപ്പിച്ച സ്ഥലത്ത് ഉയരുന്ന ഇളനീര്‍ പ്രോജക്ടിനു മാത്രം പഞ്ചായത്ത് അനുമതി നല്‍കുന്നില്ലെന്ന് പരാതി. നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലാണ് സകലനിയമ വ്യവസ്ഥകളും കാറ്റില്‍പ്പറത്തി നെല്‍വയല്‍ നികത്തലിനും കെട്ടിട നിര്‍മാണത്തിനും പാറക്വാറികള്‍ക്കും അനുമതി നല്‍കുന്നത്.

പച്ച ക്ഷേത്രത്തിനു സമീപത്തെ വിവാദമായ ടാര്‍പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് നെല്‍വയല്‍ നികത്തിയാണ്. പ്രദേശവാസികളായ ഒരാള്‍ക്കുപോലും ഇവിടെ പണിയില്ല. എന്നല്ല പ്ലാന്റിന്റെ ചുറ്റിലും താമസിക്കുന്നവര്‍ കടുത്ത ദുരതത്തിലുമാണ്. എന്നിട്ടും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പ്ലാന്റിന് പ്രവര്‍ത്തനാനുമതി നല്‍കി.

പാലോട് പ്ലാവറയില്‍ പുതുതായി ഉയരുന്ന കെട്ടിട സമുച്ചയത്തിന് നാലുസെന്റില്‍ വീടുവയ്ക്കാന്‍ മാത്രമുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നതെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. എന്നാല്‍ ഉയരുന്നതാവട്ടെ രണ്ടേക്കറിനകത്ത് വലിയ കെട്ടിടങ്ങളാണെന്ന ആരോപണമുയര്‍ന്നിട്ടും പഞ്ചായത്ത് പൊതുമരാമത്ത് അധികൃതര്‍ കണ്ട മട്ടില്ല.

താന്നിമൂടിനു സമീപം നന്ദിയോട് സര്‍വീസ് സഹകരണ ബാങ്ക് പണിയുന്ന ഇളനീര്‍ പ്രോജക്ടിനാകട്ടേ പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഒരു കോടി സാമ്പത്തിക സഹായത്തോടെയാണ ജില്ലായിലാദ്യമായി ഇത്തരത്തില്‍ ഒരു പ്രോജക്ട് വരുന്നത്. കെട്ടിടം പണിയുടെ തറക്കല്ലിടലും ആവേശപൂര്‍വം നടന്നു. തറക്കല്ലിടല്‍ ഉദ്ഘാടനത്തിന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും പങ്കെടുത്തിരുന്നു. എന്നാല്‍ അതിനു പിന്നാലെ പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ചെയ്തു. നെല്‍വയല്‍ നികത്തല്‍ നിയമപ്രകാരമാണ് പണി തടഞ്ഞത്. 2008 ആഗസ്ത് 12 നാണ് നെല്‍വയല്‍ നികത്തല്‍ നിയമം നിലവില്‍വന്നത്. അതിനും 30 വര്‍ഷം മുന്‍പാണ് താന്നിമൂട്ടിലെ നിലം കോരി പണയാക്കിയതെന്ന് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇത് പരിശോധിക്കാന്‍ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന നിരീക്ഷണസമിതി വിളിച്ചുകൂട്ടി എടുത്ത തീരുമാനവും പണി മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതായിരുന്നില്ല. ഇതോടെ നൂറിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന പദ്ധതി ത്രിശങ്കുവിലായി. ഇടതുഭരണസമിതിയുടെ നിയന്ത്രണത്തിലാണ് ബാങ്ക് എന്നതിനാലാണ് ബാങ്കിന്റെ പ്രോജക്ടിന് അനുമതി നിഷേധിച്ചതെന്ന് പഞ്ചായത്തിലെ എല്‍.ഡി.എഫ്. അംഗങ്ങള്‍ ആരോപിക്കുന്നു.

ഇളവട്ടത്തെ ജനവാസമേഖലയിലെ പാറക്വാറിക്ക് ലൈസന്‍സ് നല്‍കിയതിന്റെ മറവിലും വ്യാപകമായ അഴിമതിയുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. നൂറ് മീറ്ററിനുള്ളില്‍ അങ്കണവാടി, വീടുകള്‍ എന്നിവയെല്ലാമുണ്ടായിരുന്നിട്ടും പഞ്ചായത്ത് ഭരണസമിതി ക്വാറിക്ക് അനുമതി നല്‍കുകയായിരുന്നത്രേ. ഇതിനെതിരെ നാട്ടുകാരും സമരപരിപാടിയുമായി രംഗത്തുവന്നിട്ടുണ്ട്.