പാലോട്: പട്ടികവര്‍ഗ വകുപ്പിന്റെ കീഴില്‍ വരുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ വാര്‍ഡന്‍മാരെ പി.എസ്.സി. വഴി നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ഈ തസ്തികയില്‍ താത്കാലിക നിയമനമാണ് നടക്കുന്നത്. ഇക്കാരണത്താല്‍ ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. സംസ്ഥാനത്ത് ആകെ 118 പ്രീമെട്രിക് ഹോസ്റ്റലുകളാണ് നിലവിലുള്ളത്. ഇതില്‍ 40-ല്‍ താഴെ ഹോസ്റ്റലുകളില്‍ മാത്രമാണ് സ്ഥിരം വാര്‍ഡന്‍മാരുള്ളത്.
താത്കാലിക നിയമനത്തിലൂടെ വാര്‍ഡന്‍മാര്‍ വരുന്നതിനാല്‍ അവര്‍ക്ക് പട്ടികവര്‍ഗ വകുപ്പിന്റെ ആനുകൂല്യങ്ങളെപ്പറ്റിയോ, ഹോസ്റ്റലുകളുടെ നടത്തിപ്പിനെപ്പറ്റിയോ കാര്യമായ അറിവില്ല. ഇക്കാരണത്താല്‍ കുട്ടികളുടെ അവകാശങ്ങള്‍ പലപ്പോഴും നിഷേധിക്കുകയാണ് പതിവ്. തിരുവനന്തപുരം ജില്ലയിലെ എല്ലാ ഹോസ്റ്റലുകളും തത്കാലിക വാര്‍ഡന്‍മാരെ വച്ചാണ് പ്രവര്‍ത്തിക്കുന്നത്.
പനി പടര്‍ന്നതോടെ നിസാര അസുഖങ്ങള്‍ വന്നാലും രക്ഷിതാക്കളെ വരുത്തി കുട്ടിയെ ഒപ്പംവിടുന്ന പതിവാണുള്ളത്. എന്നാല്‍ ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികളുടെ ചികിത്സയ്ക്ക് പട്ടികവര്‍ഗവകുപ്പ് ധാരാളം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും വാര്‍ഡന്‍മാര്‍ മാറിമാറി വരുന്നതിനാല്‍ ഹോസ്റ്റലുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലെന്ന് രക്ഷാകര്‍ത്താക്കള്‍ പറയുന്നു.
വൃത്തിഹീനവും കാടുവളര്‍ന്നതുമായ പരിസരം, ശുദ്ധജലത്തിന്റെ അഭാവം, അനാരോഗ്യകരമായ ശൗചാലയങ്ങള്‍ എന്നിവയും ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നുണ്ട്. ഹോസ്റ്റല്‍ വാര്‍ഡന്‍മാരെ അടിയന്തരമായി പി.എസ്.സി. വഴി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി വകുപ്പ്മന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിപ്പാണ്.

