WELCOME
Thursday, July 5, 2012
മാലിന്യം: നന്ദിയോട് ചന്ത പുഴുത്തുനാറുന്നു
നന്ദിയോട്. മനുഷ്യ ജീവന്‍ അപഹരിച്ചു പനി താണ്ഡവമാടുമ്പോഴും നന്ദിയോട് പഞ്ചായത്തിലെ ചന്തയ്ക്കകത്തെ മാലിന്യ നിര്‍മാര്‍ജനം കടലാസില്‍ മാത്രം. മാലിന്യ കൂമ്പാരമായ ഇവിടെ പുഴുത്തുനാറുകയാണ്. ഇത്തിരി ബ്ളീച്ചിങ് പൌഡര്‍ ഇടാനുള്ള നടപടികള്‍പോലും പഞ്ചായത്തോ ആരോഗ്യവകുപ്പോ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്. മാത്രമല്ല ഇവിടത്തെ അറപ്പുളവാക്കുന്ന ഓടയില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പൈപ്പ് ലൈന്‍ പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ടു മാസങ്ങളായി ഇത് പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നു കച്ചവടക്കാര്‍ പറയുന്നു. പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിലുള്ള ഓടപോലും മാലിന്യം നിറഞ്ഞ നിലയിലാണ്. വിവിധ ജലാശയങ്ങളെ മലിനമാക്കുന്ന ഇത്തരം മാലിന്യകൂമ്പാരത്തെ കുറിച്ച് അടുത്തിടെ വാര്‍ത്തകളായെങ്കിലും കണ്ടഭാവമില്ല.

