പാലോട്. വീട്ടില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ചല്ലിമുക്കിനടുത്ത് ഇലവുപാലം തേരി ബ്ളോക്ക് നമ്പര്‍ 68 സൂര്യ ഭവനില്‍ ബാബുരാജ് (44) പിടിയിലായി. ഇന്നലെ പുലര്‍ച്ചെ കൊല്ലായില്‍ എസ്എന്‍ യുപി സ്കൂളിനു സമീപത്തു നിന്നു പാലോട് സിഐ: വി.എസ് പ്രദീപ്കുമാറിന്റെയും എസ്ഐ: വി. ബൈജുവിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. 26നു പുലര്‍ച്ചെയാണു ബാബുരാജിന്റെ വീട്ടില്‍ സ്ഫോടനം നടന്നത്. അന്നു മുതല്‍ കുടുംബസമേതം ഒളിവിലായിരുന്നു.
ആളപായമുണ്ടാകുന്ന തരത്തിലുള്ള സ്ഫോടകവസ്തുവാണു നിര്‍മിച്ചതെന്നു തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടുന്നതുമായി ബന്ധപ്പെട്ടു ബാബുരാജിനെതിരെ നേരത്തെ തന്നെ കേസുണ്ടെന്നു പൊലീസ് പറഞ്ഞു. സിഎംപി കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പ്രവീണ്‍ദാസിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണു ബാബുരാജ്. ചല്ലിമുക്കില്‍ അടുത്തകാലത്തായി അനവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനിന്ന സാഹചര്യത്തില്‍ നടന്ന സ്ഫോടനം സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു.

