WELCOME
Friday, November 16, 2012
ശരണം വിളികളുടെ മണ്ഡലച്ചിറപ്പ് ഉല്‍സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി
പാലോട്. ഇനി വ്രതാനുഷ്ഠാനത്തിന്റെ ശരണം വിളികളുടെ നാളുകള്‍. ശരണമന്ത്രങ്ങളോടെയെത്തുന്ന ശബരിമല തീര്‍ഥാടനത്തെ വരവേല്‍ക്കാന്‍ ക്ഷേത്രങ്ങളും അയ്യപ്പ ഭജന മഠങ്ങളും ഒരുങ്ങി. ക്ഷേത്രങ്ങളില്‍ ഇന്നുമുതല്‍ മണ്ഡലച്ചിറപ്പ്-മകര വിളക്ക് ഉല്‍സവത്തിനു തുടക്കമാകും. രാവിലെ ഗണപതി ഹോമത്തോടെ ഉല്‍സവത്തിനു തുടക്കം കുറിക്കും. ഭക്തരുടെ നേര്‍ച്ചയായുള്ള വിശേഷാല്‍ വിളക്കും പൂജകളുമാണു പ്രധാനം. ഭജനകളും കലാപരിപാടികളും വെടിക്കെട്ടുകളും ഇരുമുടി നിറയ്ക്കല്‍ ചടങ്ങുകളും കന്നി അയ്യപ്പന്മാരുടെ നേര്‍ച്ചയായി നടക്കുന്ന കഞ്ഞിവീഴ്ത്ത് സദ്യകളും മിക്ക ക്ഷേത്രങ്ങളിലും നടക്കും.
പുരാതനമായ പച്ച നെടുംപറമ്പ് ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ മണ്ഡലച്ചിറപ്പുല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അരിപ്പ അമ്മയമ്പലം ശിവക്ഷേത്രം, പാലോട് ഉമാമഹേശ്വര ക്ഷേത്രം, ആലംപാറ ദേവീ ക്ഷേത്രം, കള്ളിപ്പാറ ആയിരവില്ലി ക്ഷേത്രം, സത്രക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പച്ച തേവരുകോണം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മീന്‍മുട്ടി ഉമാമഹേശ്വര ക്ഷേത്രം, പേരയം ആയിരവില്ലി ക്ഷേത്രം, പേരയം നീലിമല ഭഗവതി ക്ഷേത്രം, ചെല്ലഞ്ചി ഭഗവതി ക്ഷേത്രം, വെമ്പില്‍ മണലയം ശിവക്ഷേത്രം അടക്കം മിക്ക ക്ഷേത്രങ്ങളിലും മണ്ഡലച്ചിറപ്പുല്‍സവത്തിന് ഇന്നു തുടക്കം കുറിക്കും.

