WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, December 1, 2012

ഇടിഞ്ഞാറില്‍നിന്ന് ലക്ഷങ്ങളുടെ ഈറ്റകടത്ത്; മൂന്നുപേര്‍ക്കെതിരെ കേസ്

പെരിങ്ങമ്മല: ഇടിഞ്ഞാര്‍, മങ്കയം, അടിപ്പറമ്പ് വനമേഖലയില്‍നിന്ന് വ്യാജ പാസിന്റെ മറവില്‍ ലക്ഷങ്ങളുടെ ഈറ്റ കടത്തിയ സംഭവത്തില്‍ മൂന്നുപേരെ പാലോട് റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീലും സംഘവും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയോടെ ലോറിയില്‍ തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച മുളകളാണ് ഇടിഞ്ഞാറില്‍വച്ച് കസ്റ്റഡിയിലെടുത്തത്. വണ്ടിയുടെ ഡ്രൈവര്‍ തിരുനെല്‍വേലി ചെങ്കോട്ട പുളിയറ കറുപ്പുസ്വാമി (26), ചെങ്കോട്ട മാരിയമ്മന്‍കോവില്‍ സ്ട്രീറ്റില്‍ എല്‍. സതീഷ്‌കുമാര്‍ (22), പെരിങ്ങമ്മല ഇടവം ട്വിന്‍സ് ഹൗസില്‍ ഇടിഞ്ഞാര്‍ തപാലോഫീസിലെ പോസ്റ്റുമാന്‍ എം. മോഹനന്‍ (48) എന്നിവരുടെ പേരില്‍ കേസെടുത്ത് തുടരന്വേഷണത്തിന് കെ.എഫ്.ഡി.സി അധികൃതര്‍ക്ക് കൈമാറി. ഇടിഞ്ഞാറിലെ ഈറ്റകടത്തിനെപ്പറ്റി 'മാതൃഭൂമി' കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.

ഈറ്റകടത്തിയ വാഹനവും തൊണ്ടിമുതലും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി വനപാലകര്‍ പറയുന്നതിങ്ങനെ: മങ്കയത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഖാദിസംഘത്തിന്റെ മറവിലാണ് റിസര്‍വ് വനത്തില്‍നിന്നും ഈറ്റ മുറിച്ചുകടത്തുന്നത്. കെ.എഫ്.ഡി.സിയുടെ പരിധിയില്‍ വരുന്ന അഞ്ച് ബ്ലോക്കുകള്‍ മൂന്നുപേര്‍ ചേര്‍ന്ന് ലേലത്തില്‍ പിടിച്ചിരുന്നു. ഇവിടെനിന്നും ഈറ്റ മുറിച്ച് ഉത്പന്നങ്ങളാക്കി കൊണ്ടുപോകുന്നതിന് കെ.എഫ്.ഡി.സി പാസ് നല്‍കുന്നുണ്ട്.

23-ാം തീയതി ലഭിച്ച പാസിന്റെ മറവിലാണ് തമിഴ്‌നാട് ലോബിക്കുവേണ്ടി സംഘം ഈറ്റ കടത്തിയത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇടിഞ്ഞാറില്‍ നിന്നും എട്ടും പത്തും ലോഡ് ഈറ്റ തമിഴ്‌നാട്ടിലേക്ക് പോകുന്നത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ വനംവകുപ്പ് ഫൈ്‌ളയിങ് സ്‌ക്വാഡ്, പാലോട് റേഞ്ച് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് അഞ്ച് കേസുകളെടുത്ത് കെ.എഫ്.ഡി.സിക്ക് കൈമാറിയിരുന്നു. എന്നാല്‍ എല്ലാ കേസുകളിലും തുച്ഛമായ പിഴയീടാക്കി വിട്ടയയ്ക്കുകയായിരുന്നു.

കെ.എഫ്.ഡി.സിയുടെ പെരിങ്ങമ്മല ഓഫീസ് തുറക്കാത്ത ദിവസങ്ങളില്‍ ഒരു കരാര്‍ ജീവനക്കാരന്‍ പാസ് എഴുതി നല്‍കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കേസിന്റെ തുടരന്വേഷണം നടത്തുമെന്നും ആര്‍ക്കുവേണ്ടിയാണോ ഈറ്റ കടത്തിയത് അയാളെ കണ്ടെത്തി അയാളുടെ പേരിലും കേസ് എടുക്കുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.