വിതുര: പൊന്‍മുടി സംസ്ഥാന ഹൈവേയ്ക്ക് അരികില്‍ വിതുര തയ്ക്കാപ്പള്ളിക്ക് സമീപം കെ.എസ്.ഇ.ബി. ട്രാന്‍സ്‌ഫോര്‍മറിന് പിറകിലുള്ള കരിങ്കല്‍ഭിത്തി ഇടിഞ്ഞു. മൈലക്കോണത്തുനിന്നും വരുന്നതോട്ടില്‍ വിതുര കലുങ്ക് തോട് ചേരുന്ന ഭാഗത്താണ് ഭിത്തി ഇടിഞ്ഞുവീണത്. ഇതോടെ ഇതുവഴിയുള്ള കാല്‍നടയാത്രയും ബുദ്ധിമുട്ടിലായി. കാവുവിള, മൈലക്കോണം, തള്ളച്ചിറ ഭാഗങ്ങളിലേക്ക് പോകാനാണ് നാട്ടുകാര്‍ ഈപാത ഉപയോഗിക്കുന്നത്. ഇടിഞ്ഞുനില്‍ക്കുന്നതിന്റെ വക്കിലൂടെ നടക്കേണ്ടിവരുന്നത് അപകടഭീഷണിയുണ്ടാക്കുന്നു.
അനധികൃത മണലൂറ്റ് നിലനിന്ന ഭാഗത്താണ് കരിങ്കല്‍ഭിത്തി ഇടിഞ്ഞത്. മീന്‍പിടിത്തക്കാരും ഇവിടെയാണ് തമ്പടിക്കുന്നത്. കരിങ്കല്‍ഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് വാര്‍ഡംഗം ഷീല, പഞ്ചായത്ത് പ്രസിഡന്റ് വിപിന്‍ തുടങ്ങിയവര്‍ ഇവിടെ സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്ന ഭാഗമായതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാനാണ് തീരുമാനം. ഇതിനായി പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കും. എന്നാല്‍ ഈ നടപടി വൈകുന്നതായി ഡി.വൈ.എഫ്.ഐ. വിതുര പഞ്ചായത്ത് സമിതി ഭാരവാഹികള്‍ ആരോപിച്ചു.

