പാലോട്: ടി.എസ്. റോഡില്‍ വഞ്ചുവത്ത് വളവില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സും ലോറിയും കൂട്ടിയിടിച്ച സംഭവത്തില്‍ ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 54 യാത്രക്കാര്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല.
യാത്രക്കാരില്‍ 45 പേര്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും എട്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിലും നാലുവയസ്സുകാരിയെ എസ്.എ.ടി. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് സംഭവം. പാലോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സും നെടുമങ്ങാട്ട് നിന്ന് പാലോട്ടേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് യാത്രക്കാരില്‍ 12 പേരുടെ പല്ല് ഭാഗികമായി ഇളകിപ്പോയി.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പേരൂര്‍ക്കട സ്വദേശി വിനോദ് (42), പാലോട് സ്വദേശികളായ കുമാരി (43), ലീല (50), നെടുമങ്ങാട് സ്വദേശികളായ മോളി (48), ബിന്ദു (40), കുറുപുഴ സ്വദേശി വിനി (30) എന്നിവര്‍ മെഡിക്കല്‍ കോളേജിലും വിനിയുടെ മകള്‍ ആര്‍ദ്ര (4) എസ്.എ.ടി. ആശുപത്രിയിലും ചികിത്സയിലാണ്.
ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി എന്‍.ബി. സുധീഷ് (31), കണ്ടക്ടര്‍ പാലോട് സ്വദേശി കൃഷ്ണകുമാര്‍ (35) എന്നിവരുള്‍പ്പടെ പരിക്കേറ്റ മറ്റ് യാത്രക്കാരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറിയില്‍നിന്ന് ഒലിച്ചിറങ്ങിയ ഡീസല്‍ റോഡില്‍ വീണത് ഏറെനേരം ഗതാഗത തടസ്സം ഉണ്ടാക്കി. നെടുമങ്ങാട്ടുനിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്. പാലോട്, നെടുമങ്ങാട് സ്റ്റേഷനുകളില്‍നിന്ന് പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ പാലോട് ഡിപ്പോയിലെ ബസ്സിലാണ് നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചത്.

