പാലോട്: ഇലവുപാലത്ത് ആഘോഷങ്ങള്‍ക്ക് ഒരു നിറവും ഒരേ ശബ്ദവുമാണ്. കാത്തിരുന്നപോലെ ഇക്കുറി നബിദിനവും മകരവിളക്കും ഒരുമിച്ചെത്തി. മതസൗഹാര്‍ദത്തിന്റെ മാതൃകയായി അമ്പലത്തിനും പള്ളിക്കും ഒരു കമാനം. പാതി അമ്പലത്തിനെങ്കില്‍ മറുപാതി പള്ളിക്ക്. നബിദിനത്തിനും മകരവിളക്ക് ഉത്സവത്തിനും ഒരു ഫ്‌ളക്‌സ്‌ബോര്‍ഡ്. ബോര്‍ഡിലാകട്ടെ മെക്കയിലെ പള്ളിക്കും കൈലാസനാഥനും നടുക്ക് കന്യാമറിയവും ഒപ്പം ഉണ്ണിയേശുവും. പുതിയ കാലത്തിന്റെ ജീവിക്കുന്ന അടയാളമാണ് ഇലവുപാലത്തെ സൗഹൃദജീവിതം.
ഇലവുപാലം ദാറുല്‍ ഇസ്‌ലാം ജമാഅത്ത് പള്ളിയുടെയും സമീപത്തെ കല്ലുമല തമ്പുരാന്‍ ക്ഷേത്രത്തിനും ഒറ്റ ആര്‍ച്ച് പണിതുകൊണ്ടാണ് ഇലവുപാലത്തുകാര്‍ മതമൈത്രിയുടെ സന്ദേശത്തിന് ആണിക്കല്ലിട്ടത്. പിന്നീട് ഇന്നുവരെ എല്ലാം ഒരുമിച്ച്. ആഘോഷങ്ങള്‍ ഏതുമാകട്ടെ സമുദായങ്ങള്‍ക്കതീതമായി ഇവിടെ ബോര്‍ഡുകള്‍ ഉയരും. ജനം തോളോടുതോള്‍ ചേരും.
പള്ളിയില്‍ പത്തുപേര്‍ക്ക് എന്തെങ്കിലും ആനുകൂല്യം വിതരണംചെയ്താല്‍ അതില്‍ പാതിയെങ്കിലും സഹോദരസമുദായാംഗങ്ങള്‍ക്ക് നല്‍കും. തിരിച്ചും അങ്ങനെതന്നെ. സമീപത്തെ മറ്റൊരു ക്ഷേത്രത്തിന് ക്ഷേത്രംപണിയാന്‍ സ്വന്തമായി ഭൂമിയില്ലാതെവന്നപ്പോഴും സൗഹാര്‍ദത്തിന്റെ കരങ്ങള്‍ നീണ്ടു. തട്ടുപാലം ജലാലുദ്ദീന്‍ എന്ന മനുഷ്യസ്‌നേഹിയാണ് അന്ന് ക്ഷേത്രത്തിനായി 12 സെന്റ് സൗജന്യമായി നല്‍കിയത്.
അന്യസമുദായത്തില്‍പ്പെട്ട 14 പേര്‍ അന്ത്യവിശ്രമംകൊള്ളുന്നതും ഇദ്ദേഹത്തിന്റെ വീടിനു ചുറ്റിലുമാണ്. സ്വന്തമായി കിടപ്പാടമില്ലാത്തവന് ചിതയൊരുക്കാന്‍ ജലാലുദ്ദീന്‍ സ്വന്തം ഭൂമിയില്‍ ഇടം നല്‍കുന്നു.
ചൊവ്വാഴ്ച പള്ളിയില്‍ നടക്കുന്ന നബിദിനാഘോഷങ്ങള്‍ക്ക് ഇമാം കടുവയില്‍ ത്വാഹാ റഷാദി നേതൃത്വം നല്‍കുമ്പോള്‍ നബിദിന ഘോഷയാത്രയില്‍ എല്ലാ ജനവിഭാഗവും അണിചേരും. രാവിലെ കല്ലുമല തമ്പുരാന്‍ ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാലയിലും വൈകുന്നേരം നടക്കുന്ന ഘോഷയാത്രയിലും ചുക്കാന്‍പിടിക്കുന്നതാകട്ടെ ക്ഷേത്രകമ്മിറ്റിക്കാര്‍ മാത്രമല്ല ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടുന്ന ദീനി വിശ്വാസികളാണെന്നത് വേറിട്ട കാഴ്ചയാകുന്നു.


