ആറ്റിങ്ങല്‍ മണ്ഡലത്തില്‍െപ്പടുന്ന നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിലെ തൊണ്ണൂറോളം കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികളിലാണ് സമ്പത്ത് ബുധനാഴ്ച പങ്കെടുത്ത് വോട്ടഭ്യര്‍ഥിച്ചത്. രാവിലെ എട്ടുമണിയോടെ വട്ടപ്പാറയ്ക്കടുത്തുള്ള കണക്കോട് നിന്ന് ആരംഭിച്ച പര്യടനം രാത്രി ഒന്‍പതു മണിയോടെ കണിയാപുരത്തിന് സമീപമുള്ള തെക്കേവിളയിലാണ് അവസാനിച്ചത്. മൂന്നാം വയസ്സില്‍ അച്ഛന്‍ കെ. അനിരുദ്ധനുവേണ്ടി ജീപ്പിനു മുകളില്‍ നിന്ന് വോട്ടഭ്യര്‍ഥിച്ച കുട്ടിയില്‍ നിന്ന് ഇരുത്തം വന്ന രാഷ്ട്രീയക്കാരനായുള്ള വോട്ടഭ്യര്‍ഥനയായിരുന്നു സമ്പത്തിന്റേത്. ആളും സ്ഥലവും നോക്കി ആവശ്യത്തിന് വാക്കുകള്‍. രാഷ്ട്രീയം പറയേണ്ടിടത്ത് അല്പം രാഷ്ട്രീയം. 'വോട്ടിങ് യന്ത്രത്തില്‍ ഡോ. സമ്പത്താണ്' എന്ന് പറഞ്ഞയുടന്‍ കുട്ടികളെ ചൂണ്ടി 'ഇവരെ ചികിത്സിക്കുന്ന ഡോക്ടറല്ല' ഞാന്‍ എന്ന വിശദീകരണവും നല്‍കുന്നുണ്ട് നിയമത്തില്‍ അടുത്തിടെ ഡോക്ടറേറ്റ് ലഭിച്ച സമ്പത്ത്.
കണക്കോട് നിന്ന് കുറ്റിയാനി കൊഞ്ചിറ വെമ്പായം വഴി പര്യടന വാഹനം തുമ്പറയിലേക്കെത്തുമ്പോള്‍ പതിനൊന്ന് മണി കഴിഞ്ഞ് വെയില്‍ മൂത്തിരുന്നു. പര്യടന വാഹനത്തിന്റെ മുകള്‍ ഭാഗത്ത് പിടിപ്പിച്ചിരിക്കുന്ന അലൂമിനിയം ഷീറ്റില്‍ നിന്നുള്ള കനത്ത ചൂടിനെ ഒരു വെള്ളത്തുണികൂടി കെട്ടിയായിരുന്നു തടഞ്ഞിരുന്നത്. വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്നത് കറങ്ങുന്ന കസേരയായതിനാല്‍ ഇരുന്നുകൊണ്ടുതന്നെ റോഡരികിലെ സമ്മതിദായകര്‍ക്ക് നേരെ കൈവീശാനും കഴിഞ്ഞു. വാഹനം കടന്നുപോകുന്ന വഴികളിലുണ്ടായിരുന്നവര്‍ ആവേശത്തോടെയാണ് സമ്പത്തിനെ അഭിവാദ്യം ചെയ്തത്. അമ്മമാരുടെ ഒക്കത്തിരുന്ന കുട്ടികള്‍ക്കും സ്വീകരണ സ്ഥലത്തുണ്ടായിരുന്ന കുട്ടികള്‍ക്കുമൊക്കെ തനിക്ക് ലഭിച്ച ചുവന്ന റിബണുകളും മാലകളും പൂച്ചെണ്ടുകളും നല്‍കാനും സ്ഥാനാര്‍ഥി മറന്നില്ല. ഇതൊക്കെ സ്വീകരണ സ്ഥലങ്ങളിലും വഴിയരികിലുമൊക്കെ ഓളമുണ്ടാക്കുകയും ചെയ്തു. വോട്ടര്‍മാര്‍ കൂടുതലുണ്ടായിരുന്ന സ്ഥലങ്ങളിലൊക്കെ സമ്പത്ത് കൂടുതല്‍ സമയം പ്രസംഗിച്ചു. വര്‍ഗീയതക്കെതിരെയും വിലക്കയറ്റത്തിനെതിരെയും കള്ളപ്പണക്കാര്‍ക്കെതിരെയുമൊക്കെ മൂര്‍ച്ചയുള്ള വാക്കുകളാണ് സമ്പത്തിന്റേത്. ഓരോ സ്വീകരണ കവലകളിലേക്കെത്തും മുമ്പ് അവിടെയുള്ള പ്രവര്‍ത്തകര്‍ ചെങ്കൊടിയേന്തിയ ഇരുചക്ര വാഹനങ്ങളിലെത്തിയാണ് സമ്പത്തിനെ സ്വീകരിച്ചത്.
രാവിലെ ഏഴരയ്ക്ക് ആരംഭിക്കാനിരുന്ന പര്യടനം അരമണിക്കൂര്‍ വൈകി തുടങ്ങിയതിനാല്‍ ഓരോ കവലകള്‍ പിന്നിടുമ്പോഴും സമയം പിന്നെയും വൈകിക്കൊണ്ടിരുന്നു. ഏതാനും കവലകളില്‍ സ്ഥാനാര്‍ഥിയുടെ വോട്ടഭ്യര്‍ഥന നീണ്ടുപോയതോടെ നിശ്ചയിച്ച സമയവും കടന്നാണ് പ്രധാന കേന്ദ്രങ്ങളിലൊന്നായ പിരപ്പന്‍കോട് എത്തിയത്. വാഹനമെത്തിയ ഉടന്‍ തന്നെ ഡല്‍ഹിയില്‍ നിന്നുള്ള രാജ്യസഭാ ടെലിവിഷന്‍ പ്രവര്‍ത്തകര്‍ സമ്പത്തിനെ വളഞ്ഞു. അവര്‍ക്കായി പ്രചാരണത്തെക്കുറിച്ച് അല്പനേരം ഇംഗ്ലീഷിലായി സംസാരം. തുടര്‍ന്ന് ഇംഗ്ലീഷില്‍ സംസാരിച്ചതിന് ക്ഷമ ചോദിച്ച് സമ്പത്ത് മാതൃഭാഷയിലേക്ക് തിരകെയെത്തി. ഉച്ചയ്ക്ക് 12.30 ന് പോത്തന്‍കോട്ട് എത്തിയ ശേഷം ഉച്ചഭക്ഷണവും വിശ്രമവുമെന്നാണ് നിശ്ചയിച്ചിരുന്നതെങ്കിലും പോത്തന്‍കോട് പിടിച്ചപ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. തുടര്‍ന്ന് സുഹൃത്തായ അഡ്വ. സജിത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണവും കഴിച്ച് വിശ്രമമുപേക്ഷിച്ച് അടുത്ത സ്വീകരണ സ്ഥലമായ മേലേമുക്കിലേക്കായി സമ്പത്തിന്റെ യാത്ര. പിന്നീട് അരിയോട്ടുകോണം, വാവറ അമ്പലം, മഞ്ഞമല, വേങ്ങോട്, അണ്ടൂര്‍ക്കോണം, പള്ളിപ്പുറം, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനശേഷം ഡോ. എ. സമ്പത്തിന്റെ ബുധനാഴ്ചത്തെ വോട്ടുതേടല്‍ തേക്കേവിളയില്‍ അവസാനിച്ചു.
സംസ്ഥാനത്ത് ഇടതുപക്ഷം ഐതിഹാസിക വിജയം നേടുമെന്ന് തന്നെയാണ് സമ്പത്തിന്റെ പ്രതീക്ഷ. സമ്പത്തിന്റെ തന്നെ ഒരു അധ്യാപകന്റെ നേതൃത്വത്തില്‍ നടത്തിയ അഭിപ്രായ സര്‍േവയും ഇതുതന്നെയാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം ഐതിഹാസിക വിജയം നേടുമ്പോള്‍ ആറ്റിങ്ങല്‍ മണ്ഡലവും അതിനോടൊപ്പമുണ്ടാകുമെന്നാണ് സമ്പത്തിന്റെ വിശ്വാസം.
നെടുമങ്ങാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ചെറ്റച്ചല്‍ സഹദേവന്‍, അഡ്വ. ജയദേവന്‍, കരിപ്പൂര്‍ വിജയകുമാര്‍, കെ. ബാഹുലേയന്‍, എം.സി.കെ നായര്‍, അഡ്വ. സുനില്‍ തുടങ്ങിയവര്‍ പര്യടനത്തിലുടനീളം സമ്പത്തിനെ അനുഗമിച്ചു.

