പാലോട്. പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂര്‍ ഇരുപതാം നമ്പര്‍ അംഗന്‍വാടിയിലേക്കുള്ള വഴികള്‍ സ്വകാര്യ വ്യക്തികള്‍ അടച്ചതിനെ തുടര്‍ന്ന് അംഗന്‍വാടി തുറന്നു പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതിയില്‍. അംഗന്‍വാടിയിലേക്കു രേഖകളില്‍ ഇല്ലാത്ത രണ്ടു നടവഴികള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് അംഗന്‍വാടിക്കു സമീപത്തെ വസ്തു ഉടമ രവീന്ദ്രന്റെ വസ്തുവില്‍ കൂടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രവീന്ദ്രന്‍ തന്റെ വസ്തുവില്‍ മുള്ളുവേലിയിട്ടതോടെ ഇതിലേക്കുള്ള ഒരു വഴി അടഞ്ഞു.
അവശേഷിച്ച, പ്രധാനമായും ഉപയോഗിച്ചിരുന്ന രണ്ടാമത്തെ വഴി അംഗന്‍വാടിക്കു വസ്തു നല്‍കിയ തെന്നൂര്‍ രവിയുടെയും രവീന്ദ്രന്റെയും വസ്തുക്കളുടെ അതിരില്‍ കൂടിയായിരുന്നു. മുകളിലത്തെ വഴി അടച്ചതിനെ തുടര്‍ന്നു രവിയും തന്റെ വസ്തുവില്‍ കൂടിയുള്ള വഴി അടച്ചു. ഇതോടെയാണ് അംഗന്‍വാടിയിലേക്കുള്ള പ്രവേശനം അസാധ്യമായത്. രണ്ടു-മൂന്നു വീട്ടുകാര്‍ക്കും ഇതോടെ വഴി ഇല്ലാതായി. സംഭവത്തെ തുടര്‍ന്നു വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ മുള്ളുവേലി നിര്‍മാണം തടഞ്ഞു.
എന്നാല്‍ ഒന്നര മീറ്റര്‍ വഴി വിട്ടശേഷമാണു തങ്ങള്‍ മുള്ളുവേലി കെട്ടിയതെന്നും അംഗന്‍വാടിക്കു വസ്തു നല്‍കിയ വ്യക്തി വഴി നല്‍കാനും ബാധ്യസ്ഥനാണെന്നും വസ്തു നല്‍കിയ സമയത്തു പറഞ്ഞിരുന്ന വഴി പഞ്ചായത്ത് അളന്നു തിട്ടപ്പെടുത്തണമെന്നും രവീന്ദ്രന്‍ പറഞ്ഞു. മാത്രമല്ല, അംഗന്‍വാടിയുടെ മൂന്നു സെന്റ് വസ്തു അളന്നു തിട്ടപ്പെടുത്തിയ
ശേഷം ചുറ്റുമതില്‍ നിര്‍മിക്കണമെന്നും ആവശ്യമുണ്ട്. എന്നാല്‍ വസ്തു നല്‍കിയപ്പോള്‍ താന്‍ അതിലേക്കു വഴി നല്‍കിയിട്ടില്ലെന്നാണു തെന്നൂര്‍ രവി പറയുന്നത്. രണ്ടുകൂട്ടരും വഴിക്കു സ്ഥലം വിട്ടുനല്‍കണമെന്നാണു രവിയുടെ ആവശ്യം. പഞ്ചായത്ത് ഇടപെട്ടു തര്‍ക്കം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ കുട്ടികളുടെ പഠനമാണു മുടങ്ങുന്നത്.

