വിതുര. ഒറ്റക്കൈ കൊണ്ട് 'ഒറ്റ നക്ഷത്രമുള്ള ആകാശം എന്ന നോവല്‍ വായിച്ചു ഹൃദയത്തിലേറ്റിയ അനുഭവം പങ്കിട്ടു മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍. വിതുരക്കാരനായ ടി.എന്‍. മണി എഴുതിയ ഈ നോവല്‍ ഉദാത്തമായ സാഹിത്യസൃഷ്ടിയാണെന്നു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നു ശാരീരിക അസ്വസ്ഥതകളെപ്പോലും മാറ്റിനിര്‍ത്തി ഓണക്കൂര്‍ സമയം കണ്ടെത്തി വായിക്കുകയായിരുന്നു. ഇടതു കൈ സുഖമില്ലാത്തതിനാല്‍ വലതു കൈകൊണ്ടു പേജുകള്‍ മറിച്ചു നോവല്‍ വായിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിതുര ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നോവലിന്റെ പ്രകാശനകര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബാലജനസഖ്യം വിതുര യൂണിയന്‍ മുന്‍ രക്ഷാധികാരിയും സാഹിത്യ പ്രവര്‍ത്തകനുമായ ബി.എസ്. നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, കാംഗോ ചെയര്‍മാന്‍ ചാരുപാറ രവി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.എസ്. വിദ്യാസാഗര്‍, പി. അയ്യപ്പന്‍ പിള്ള, കെ. അബ്ബാസ്, കെ.പി. അശോക് കുമാര്‍, എസ്.എന്‍. ക്ളമന്റ്, എം.എസ്. റഷീദ്, ഡോ. കെ. ഷിബു, ചായം ധര്‍മരാജന്‍, എസ്.കെ. സുനീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

