വിതുര. മരുതാമലയെ വിതുര ഗ്രാമപഞ്ചായത്തിലെ ആദ്യ പുകയിലവിരുദ്ധ വാര്‍ഡാക്കാനുള്ള തീവ്ര ശ്രമം അവസാന ഘട്ടത്തിലേക്ക്. വിതുര സാമൂഹികാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത്, മരുതാമല മക്കി സ്വാതി പുരുഷ സ്വാശ്രയസംഘം എന്നിവയുടെ നേതൃത്വത്തിലാണു ശ്രമം. കൂടുതല്‍ പുകയില ഉപഭോക്താക്കളുള്ള വാര്‍ഡില്‍ ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയിലാണു തുടങ്ങിയത്. പുകയിലവിരുദ്ധ സെമിനാര്‍, ബോധവല്‍ക്കരണ ക്ളാസുകള്‍ എന്നിവ വാര്‍ഡില്‍ സംഘടിപ്പിച്ചു.
പുകയില ഉപഭോഗത്തെപ്പറ്റിയുള്ള സര്‍വേ അന്തിമ ഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. പ്രവര്‍ത്തനങ്ങള്‍ക്കു വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, പഞ്ചായത്ത് അംഗം ജി. ഗിരീഷ് കുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ടി.എന്‍. രശ്മി, എച്ചഐമാരായ കെ.എസ്. രാഘവന്‍, എം.പി. രാഘവന്‍, ജെഎച്ച്ഐ: താരാനാഥ്, സ്വാതി പുരുഷ സ്വാശ്രയസംഘം സെക്രട്ടറി എസ്. ബിനു, ആഷാ പ്രവര്‍ത്തകരായ ചിത്ര, ശോഭന, രാധാമണി എന്നിവരാണു നേതൃത്വം നല്‍കുന്നത്.

