വിതുര. കുടുംബശ്രീ പ്രവര്‍ത്തകരായ ആദിവാസി സ്ത്രീകളുടെ സഹായത്തോടെ ചാരായവാറ്റു കേന്ദത്തില്‍ വിതുര പൊലീസ് റെയ്ഡ് നടത്തി. വിതുര കല്ലന്‍കുടിയിലായിരുന്നു റെയ്ഡ്. രഹസ്യ കേന്ദങ്ങളിലെ കോട, വാറ്റുപകരണങ്ങള്‍ എന്നിവ പൊലീസ് നശിപ്പിച്ചു. എന്നാല്‍ ദീര്‍ഘനേരം തിരച്ചില്‍ നടത്തിയിട്ടും വാറ്റുചാരായം കിട്ടിയില്ല. കിലോക്കണക്കിനു ശര്‍ക്കര കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കു ചെമ്പിക്കുന്ന്, അല്ലത്താര, കൊമ്പ്രാങ്കല്ല്, തലത്തൂതക്കാവ്, ആലുംമൂട്, മണലി എന്നീ ആദിവാസി ഊരുകളിലെ ജനങ്ങളെയുള്‍പ്പെടുത്തി കല്ലന്‍കുടിയില്‍ നടത്തിയ ട്രൈബല്‍ ജനമൈത്രീ പൊലീസ് മീറ്റിങ്ങിനിടയിലാണ് ഊരുകളില്‍ നടക്കുന്ന ചാരായവാറ്റുള്‍പ്പെടെയുള്ള പ്രശ്നങ്ങളെപ്പറ്റി ആദിവാസി സ്ത്രീകള്‍ പറഞ്ഞത്. തുടര്‍ന്നു വിതുര എസ്ഐ: എ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ത്രീകളുടെ സഹായത്തോടെ വാറ്റുകേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കു കൂടി റെയ്ഡ് വ്യാപകമാക്കുമെന്നു പൊലീസ് അറിയിച്ചു.

