പാറശാല. തിരഞ്ഞെടുപ്പു കമ്മിഷന്‍ നിലപാടു കര്‍ശനമാക്കിയതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. ഫ്ലക്സ് ബോര്‍ഡ്, പോസ്റ്ററുകള്‍, ചുമരെഴുത്ത് തുടങ്ങിയവയുടെ കണക്കു വ്യക്തമായി രേഖപ്പെടുത്തണമെന്ന നിര്‍ദേശവും തുടര്‍ പരിശോധനകളുമാണു പാര്‍ട്ടികള്‍ക്കു തിരിച്ചടിയായത്. വോട്ടെടുപ്പിന് രണ്ടര ആഴ്ച മാത്രം ശേഷിക്കെ പ്രധാന ജംക്്ഷനുകളില്‍ പോലും സ്ഥാപിച്ചിട്ടുള്ളത് ഏതാനും ചെറിയ ബോര്‍ഡുകള്‍ മാത്രമാണ്. ഫ്ലക്സിനേറ്റ പ്രഹരം പ്രമുഖ പാര്‍ട്ടികളുടെ വരെ പ്രചാരണ ചിട്ടവട്ടങ്ങളെ താളംതെറ്റിച്ചിട്ടുണ്ട്.
ഏറെ വൈകിയെങ്കിലും ചുവരുകള്‍ കണ്ടുപിടിച്ചു സാന്നിധ്യം അറിയിക്കുന്നതിന്റെ തിരക്കിലാണു പ്രവര്‍ത്തകര്‍. ആദ്യഘട്ടത്തില്‍തന്നെ തമിഴ്നാട്ടില്‍നിന്നു പ്രിന്റ് ചെയ്ത് എത്തിച്ച പോസ്റ്ററുകള്‍ക്കും ഫ്ലക്സുകള്‍ക്കും നേരെ തിരഞ്ഞെടുപ്പു കമ്മിഷന്റെ കരങ്ങള്‍ വീണതോടെ മുഖ്യധാരാ പാര്‍ട്ടികളുടെ ഒാഫിസുകളില്‍ വരെ ബോര്‍ഡുകള്‍ കിട്ടാക്കനിയായി.
സ്വന്തം നിലയില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ പോഷക സംഘടനകള്‍ ആലോചിക്കുന്നുണ്ടെങ്കിലും വയ്ക്കുന്ന സ്ഥലങ്ങളില്‍ കമ്മിഷന്‍ ആക്ഷേപം ഉന്നയിക്കുമോ എന്ന ഭയത്തിലാണു പ്രവര്‍ത്തകര്‍. അമരവിള ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ എത്തിയ പ്രചാരണ സാധനങ്ങള്‍ വിട്ടുനല്‍കാന്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളിലെ ഉന്നതര്‍ ഭീഷണിയുടെ ഭാഷയില്‍ വരെ ഇടപെട്ടിട്ടും ഉദ്യോഗസ്ഥര്‍ കൂട്ടാക്കാത്തതു പാര്‍ട്ടി നേതാക്കളെ വെട്ടിലാക്കിയിരുന്നു. ഇതോടൊപ്പം ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്ക്വാഡുകളുടെ പ്രവര്‍ത്തനങ്ങളും
ശക്തമാക്കിയിരിക്കുകയാണ്.
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ചെലവു കണക്കുകള്‍ നിശ്ചയിക്കുന്നതിനു ചുവരെഴുത്തുകള്‍ വിഡിയോയില്‍ പകര്‍ത്തിയശേഷം അളന്നു രേഖപ്പെടുത്തുകയാണ്. അനൌണ്‍സ്മെന്റ് വാഹനങ്ങള്‍ പരിശോധിക്കാനും മറ്റു ക്രമക്കേടുകള്‍ കണ്ടെത്താനും വേണ്ടി ഡിഫേസ്മെന്റ് സ്ക്വാഡുകള്‍ ഇടറോഡില്‍ വരെ സജീവമായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ വാഹനങ്ങളെക്കാള്‍ കൂടുതലാണു നിരത്തിലുള്ള 'ഇലക്ഷന്‍ അര്‍ജന്റ് പതിച്ച വാഹനങ്ങള്‍.
സ്ക്വാഡുകള്‍ രാത്രി പത്തുമണി വരെ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ഭൂമി, പുറമ്പോക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കംചെയ്യുന്നതിനുള്ള ചെലവ് സ്ഥാനാര്‍ഥികളില്‍നിന്ന് ഇൌടാക്കുമെന്നതിനാല്‍ പരിശോധിച്ചു മാത്രമേ ചുവരെഴുത്തും ബോര്‍ഡുകളും സ്ഥാപിക്കാവൂ എന്ന നിര്‍ദേശം പാര്‍ട്ടി നേതൃത്വങ്ങള്‍ തന്നെ പ്രവര്‍ത്തകര്‍ക്കു നല്‍കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പു രംഗം ചൂടുപിടിക്കുന്ന വരുംദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാകും എന്നാണു സൂചന.



