ആറ്റിങ്ങല്‍. തിരഞ്ഞെടുപ്പാവേശം വാനോളമുയര്‍ത്തി സ്ഥാനാര്‍ഥികളുടെ സ്വീകരണപര്യടനങ്ങളോടെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പ്രചാരണം പുതിയഘട്ടത്തിലേക്ക്. നിങ്ങളുടെ പ്രീയസ്ഥാനാര്‍ഥി ഇതാ ഇതാ ഈ വാഹനത്തിന് പിന്നാലെയെന്ന കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്ക് പിന്നാലെ പൊട്ടിയമരുന്ന മാലപ്പടക്കങ്ങളെക്കാള്‍ വേഗത്തില്‍ സ്ഥാനാര്‍ഥി എത്തി ചെറുവാക്കുകളില്‍ സ്വീകരണം ഏറ്റുവാങ്ങി അടുത്ത സ്ഥലത്തേക്ക് കുതിക്കുന്ന കാഴ്ചകളാണിനി.
യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണയാണ് സ്വീകരണപര്യടനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കാട്ടാക്കട അസംബ്ളി മണ്ഡലത്തിലെ വിളപ്പില്‍ പഞ്ചായത്തിലെ പുളിയറക്കോണത്തുനിന്നായിരുന്നു ഇന്നലെ പര്യടനാരംഭം. മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്ത പര്യടനം വിളപ്പില്‍ പഞ്ചായത്തിലെ വിവിധകേന്ദ്രങ്ങള്‍ പിന്നിട്ട് വിളവൂര്‍ക്കല്‍ പഞ്ചായത്തും കടന്ന് മലയിന്‍കീഴിലെ പൂവണിയും മൂലയിലാണ് രാത്രി സമാപിച്ചത്. ഒരുമണ്ഡലത്തില്‍ രണ്ട് ദിവസം എന്ന കണക്കിലാണ് പര്യടനം. ഇന്ന് വര്‍ക്കല മണ്ഡലത്തിലാണ് സ്വീകരണം. മടവൂര്‍ പഞ്ചായത്തിലെ കരിമ്പുവിളയില്‍ തുടങ്ങി പളളിക്കല്‍ നാവായിക്കുളം ചെമ്മരുതി പഞ്ചായത്തുകളിലേക്ക് പര്യടനം നീളും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എ. സമ്പത്ത് ഇന്നലെ പതിവ് കവല സന്ദര്‍ശനങ്ങള്‍ക്ക് അവധിനല്‍കി പകരം പ്രധാനവ്യക്തികളെ നേരില്‍ കാണുന്ന തിരക്കിലായിരുന്നു. ഉച്ചയോടെ ആറ്റിങ്ങലിലെത്തിയ സ്ഥാനാര്‍ഥി അതിനുമുമ്പെ മറ്റുസ്ഥലങ്ങളിലും പ്രധാനനേതാക്കളെയും വ്യക്തികളെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. സമ്പത്തിന്റെ
സ്വീകരണപര്യടനം നാളെ വര്‍ക്കലയില്‍ നിന്നാരംഭിക്കും. അതിനാല്‍ വിട്ടുപോയ സ്ഥലങ്ങളില്‍ ഇന്ന് വീണ്ടും ഓരോട്ടപ്രദക്ഷിണത്തിനാണ് തീരുമാനം. രണ്ട് ഘട്ടമായി സംഘടിപ്പിച്ചിട്ടുളള സമ്പത്തിന്റെ ആദ്യസ്വീകരണപര്യടനം നാളെ വര്‍ക്കലയില്‍ തുടങ്ങി 31 ന് വാമനപുരത്ത് സമാപിക്കും. രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിന് നെടുമങ്ങാട്ടുനിന്നും തുടങ്ങി ഏഴിന് വാമനപുരത്ത് സമാപിക്കും.
ബിജെപി സ്ഥാനാര്‍ഥി ഗിരിജകുമാരി ഇന്നലെ കുടുംബസംഗമങ്ങളുടെ തിരക്കിലായിരുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ വിവധകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് രാവിലെ ആരംഭിച്ച പര്യടനം കുറ്റിച്ചല്‍, കാട്ടാക്കട മേഖലകളിലേക്ക് പുരോഗമിച്ചു. വൈകിട്ട് കാട്ടാക്കട മണ്ഡലത്തില്‍ അവശേഷിച്ചിരുന്ന കവലസന്ദര്‍ശനപര്യടനങ്ങളിലേക്കായി സ്ഥാനാര്‍ഥിയുടെ യാത്ര. ഗിരിജകുമാരിയുടെ സ്വീകരണപര്യടനങ്ങള്‍ക്ക് ബുധന്‍ തുടക്കമാകും

