നെടുമങ്ങാട്. പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെ സ്ഥാപക പ്രസിഡന്റും, കല്ലറ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന പാങ്ങോട് പി.എ. റഹിം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കോണ്‍ഗ്രസിലേയ്ക്ക് വരുന്നു. പാങ്ങോട് ഗ്രാമപഞ്ചായത്ത് രൂപീകരണത്തെ തുടര്‍ന്ന് ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ആദ്യകാലത്ത് ജില്ലയില്‍ അറിയപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും, ഡിസിസി മെംബറും ആയിരുന്നു.
1977 ല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് മത്സര അതിപ്രസരണത്തെ തുടര്‍ന്ന് പാര്‍ട്ടീ സ്ഥാനങ്ങള്‍ രാജിവച്ച് പ്രവര്‍ത്തന രംഗത്ത് നിന്നും പൂര്‍ണ്ണമായും പിന്‍മാറിയതാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടും സജീവ രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വാഗതം ചെയ്തിട്ടുണ്ട്.
ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിരിക്കുന്ന കാലം പഞ്ചായത്തിന്റെ അടിസ്ഥാന വികസന രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയതോടൊപ്പം പാര്‍ട്ടിയ്ക്കും, പാങ്ങോട് പഞ്ചായത്തിലും, സമീപ പ്രദേശങ്ങളിലും കാര്യമായ അടിത്തറ രൂപപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടായിരുന്നു. റഹിമിന്റെ പാര്‍ട്ടിയിലേയ്ക്കുള്ള തിരിച്ചുവരവ് പാര്‍ട്ടിയ്ക്കും പ്രത്യേകിച്ച് വാമനപുരം നിയോജകമണ്ഡലത്തിനും ഒരു മുതല്‍കൂട്ടായിരിക്കും.

