പാലോട്. പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലി കാണി ഗവ. യുപിഎസിനു ടെക്നോപാര്‍ക്ക് കേന്ദ്രമായ അറൈവാ മെഡ് ഡേറ്റാ ഇന്‍ഫോടെക് പ്രൈവറ്റ് കമ്പനിയുടെ സൌജന്യ പഠനസഹായവും ഭാവിയില്‍ കുട്ടികള്‍ക്കു തൊഴില്‍ വാഗ്ദാനവും നല്‍കി.
ഇതിന്റെ ഭാഗമായി എല്‍കെജി മുതല്‍ ഏഴാം ക്ളാസുവരെയുള്ള തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കു പ്രതിമാസം 100രൂപ സ്കോളര്‍ഷിപ്പ് നല്‍കി സ്പോക്കണ്‍ ഇംഗിഷില്‍ പരിശീലനം നല്‍കും. എട്ടാംക്ളാസില്‍ എത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ള തൊഴിലില്‍ പരിശീലനം നല്‍കും. പ്ളസ്ടു കഴിഞ്ഞാല്‍ താല്‍പര്യമുള്ളവരെ കമ്പനി ശമ്പളത്തോടെ എറ്റെടുത്തു തൊഴില്‍ നല്‍കാനും സന്നദ്ധത പ്രകടിപ്പിച്ചതായി എച്ച്എം: വേണുകുമാരന്‍നായര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി സ്കൂളില്‍ കമ്പനിയുടെ പ്രതിനിധികളായ മെര്‍ലിന, ജിജോ എന്നിവര്‍ ബോധവല്‍ക്കരണ ക്ളാസെടുത്തു. മനോരമ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലയില്‍ എപ്ളസ് നേടിയ പ്രസ്തുത സ്കൂളിലെ പ്രതിമാസ കാന്‍സര്‍ കൂട്ടായ്മക്ക് ഈ കമ്പനി ഒരു ലക്ഷം രൂപയും ഐടി പഠനത്തിനു കംപ്യൂട്ടറുകളും നല്‍കിയിരുന്നു. പാവങ്ങളായ ഭൂരിഭാഗവും ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്കൂളിനു പ്രതീക്ഷ നല്‍കുന്നതാണു കമ്പനിയുടെ ഏറ്റെടുക്കല്‍.


